മഡ്രിഡ്: സെവിയയെ കീഴടക്കി അത്‌ലറ്റിക്കോ മഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ ലീഡ് വർധിപ്പിച്ചു. 2-0നായിരുന്നു ജയം. എയ്ഞ്ചൽ കൊറേയ (17), സോൾ നിഗുസ് (76) എന്നിവർ ഗോൾ നേടി. പത്താഴ്ചത്തെ വിലക്കിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ കെയ്‌റൻ ട്രിപ്പിയെറിന്റെ പാസ്സിൽ നിന്നാണ് മഡ്രിഡ് ടീമിന്റെ ആദ്യഗോൾ വന്നത്.
16 കളിയിൽനിന്ന് 41 പോയന്റുമായാണ് അത്‌ലറ്റിക്കോ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 18 കളിയിൽനിന്ന് 37 പോയന്റുള്ള റയൽ മഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരം കുറച്ചു കളിച്ച അത്‌ലറ്റിക്കോയ്ക്ക് നിലവിൽ നാല് പോയന്റ് ലീഡുണ്ട്.