ചെന്നൈ : 12 പന്തുകൾക്കിടെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ വെസ്റ്റിൻഡീസ് ബൗളർ ആന്ദ്രെ റസ്സലിന്റെ അസ്സൽ പ്രകടനത്തിൽ മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിന് താളംതെറ്റി. ഐ.പി.എൽ. ക്രിക്കറ്റിൽ ചൊവ്വാഴ്ച മുംബൈയെ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 20 ഓവറിൽ 152 റൺസിൽ ഒതുക്കി. അവസാന ഓവറിൽ റസ്സൽ മൂന്നുവിക്കറ്റെടുത്തു.

െഎ.പി.എലിലെ അതിവേഗ അഞ്ചുവിക്കറ്റ് നേട്ടത്തിൽ റസ്സൽ ഇഷാന്ത് ശർമയുടെ റെക്കോഡിനൊപ്പമെത്തി.

സൂര്യകുമാർ യാദവ് (36 പന്തിൽ 56), രോഹിത് ശർമ (32 പന്തിൽ 43) എന്നിവർ നന്നായി ബാറ്റുചെയ്തശേഷമാണ് മുംബൈ തകർന്നത്.

10 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 81 റൺസിലെത്തിയ മുംബൈ കൂറ്റൻ സ്‌കോറിലേക്ക് നീങ്ങുമെന്നുതോന്നി. എന്നാൽ, ക്വിന്റൺ ഡി കോക്ക് (2), ഇഷാൻ കിഷൻ (1), ഹാർദിക് പാണ്ഡ്യ (11), കീറൺ പൊള്ളാർഡ് (5) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ മുംബൈ ഐ.പി.എൽ. പതിന്നാലാം സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറിൽ ഒതുങ്ങി.

കൊൽക്കത്തയുടെ പാറ്റ് കമ്മിൻസ് നാല് ഓവറിൽ 24 റൺസിന് രണ്ടുവിക്കറ്റും ഷാകിബ് അൽ ഹസ്സൻ 23 റൺസിന് ഒരു വിക്കറ്റും നേടി.

സ്പിന്നർമാരായ ഹർഭജൻ സിങ്, വരുൺ ചക്രവർത്തി എന്നിവർ ചേർന്നാണ് കൊൽക്കത്തയുടെ ബൗളിങ് തുടങ്ങിയത്. അതിന് ഫലമുണ്ടായി. രണ്ടാം ഓവറിലെ അവസാനപന്തിൽ ക്വിന്റൺ ഡി കോക്കിനെ (2) വരുൺ പുറത്താക്കുമ്പോൾ മുംബൈ പത്തു റൺസിൽ എത്തിയതേയുള്ളൂ. മൂന്നാം ഓവറിൽ ഹർഭജനെ മൂന്നുവട്ടം ബൗണ്ടറടിയടിച്ച സൂര്യകുമാർ യാദവാണ് മുംബൈയുടെ ഇന്നിങ്‌സിന് വേഗം പകർന്നത്. എന്നിട്ടും അഞ്ച് ഓവറിൽ 37 റൺസിൽ എത്തിയതേയുള്ളൂ. എട്ടാം ഒാവറിൽ പ്രസിദ്ധ് കൃഷ്ണയ്ക്കെതിരേ സൂര്യകുമാർ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 16 റൺസടിച്ചു. 33 പന്തിൽ അർധസെഞ്ചുറി തികച്ച സൂര്യകുമാറിനെ അടുത്ത ഓവറിൽത്തന്നെ മടക്കാനായത് കൊൽക്കത്തയ്ക്ക് ആശ്വാസമായി. തൊട്ടടുത്ത ഓവറിൽ മറ്റൊരു ബിഗ് ഹിറ്റർ ഇഷാൻ കിഷനെ (1) പാറ്റ് കമ്മിൻസ് പുറത്താക്കിയതോടെ മുംബൈയുടെ റൺനിരക്ക് നന്നായി പിടിച്ചുനിർത്താനായി.

10 ഓവറിൽ ഒരു വിക്കറ്റിന് 81 റൺസിലെത്തിയ മുംബൈ, 15 ഓവറിൽ മൂന്നിന് 114 എന്നനിലയിൽ തകരുകയായിരുന്നു. റൺറേറ്റ് കൂട്ടേണ്ട സാഹചര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ (43) മടങ്ങിയത് മറ്റൊരു തിരിച്ചടിയായി.

പിന്നീടങ്ങോട്ട് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി കൊൽക്കത്ത ബൗളർമാർ പിടിമുറുക്കി. അവസാന അഞ്ച് ഒാവറിൽ 38 റൺസെടുക്കുന്നതിനിടെ ഏഴുവിക്കറ്റ് നഷ്ടമായി.

സ്‌കോർ ചുരുക്കത്തിൽ

ടോസ്: കൊൽക്കത്ത (ഫീൽഡിങ്)

മുംബൈ: 20 ഓവറിൽ 152 റൺസിന് പുറത്ത്.

സൂര്യകുമാർ യാദവ് 56 (36)

രോഹിത് ശർമ 43 (32)

ഹാർദിക് പാണ്ഡ്യ 15 (17)

ക്രുണാൽ പാണ്ഡ്യ 15 (9)

ബൗളിങ്: പാറ്റ് കമ്മിൻസ് 4-0-24-2, ഷാകിബ് അൽ ഹസ്സൻ 4-0-23-1, ആന്ദ്രെ റസ്സൽ 2-0-15-5.