കാഞ്ഞങ്ങാട്: കേരളത്തിൽ ടെന്നീസ് പരിശീലനത്തിന് ജില്ലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അന്താരാഷ്ട്ര പരിശീലകൻ ബാലചന്ദ്രൻ മാണിക്കത്ത്. ഇന്ത്യയിലെ മുൻനിര കളിക്കാരനായ പ്രജീനീഷ് ഗുണേശ്വരനുൾപ്പെടെ അറിയപ്പെടുന്ന ടെന്നീസ് താരങ്ങളുടെ പരിശീലകനാണ് ബാലചന്ദ്രൻ. മടിക്കൈ അമ്പലത്തറയിലെ ഭാര്യവീട്ടിലെത്തിയ അദ്ദേഹം ’മാതൃഭൂമി’യോട്‌ മനസ്സുതുറന്നു.

കുട്ടികളെ ചെറിയപ്രായംമുതൽ പരിശീലിപ്പിക്കണം. ബാഡ്‌മിന്റൺ മേഖലയിൽ കേരളത്തിൽ മികച്ച പരിശീലനകേന്ദ്രങ്ങളും പരിശീലകരുമുണ്ട്. സമാനരീതിയിൽ ടെന്നീസിനെയുമെത്തിക്കുകയാണ് ലക്ഷ്യം. കുട്ടികളെ പരിശീലിപ്പിക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള മികച്ച കോച്ചുമാരെ കേരളത്തിലെത്തിക്കുന്നതടക്കമുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. കാസർകോട് കളക്ടർ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ മേധാവി, എറണാകുളം ടെന്നീസ് അസോസിയേഷൻ, കണ്ണൂർ ടെന്നീസ് ക്ലബ്ബ് ഭാരവാഹികൾ എന്നിവരുമായെല്ലാം ആദ്യഘട്ട ചർച്ച നടത്തി. സർക്കാരുമായി സഹകരിച്ച് പദ്ധതി വിപുലപ്പെടുത്തണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ പരിശീലനകേന്ദ്രങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം.

എറണാകുളം മരട് സ്വദേശിയായ ബാലചന്ദ്രൻ പഠിച്ചതും വളർന്നതും തമിഴ്‌നാട്ടിൽ. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി. ഇന്ത്യയിലെ പത്ത്‌ കളിക്കാരിലൊരാളായി സ്ഥാനം നിലനിർത്തി. എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ യൂഗോസ്ലാവിയയിൽ നടന്ന ലോക സർവകലാശാല യൂത്ത്‌ മീറ്റിൽ പങ്കെടുത്തു. 1993-ൽ ദേശീയതലത്തിൽ നടന്ന ടെന്നീസ് ഡബിൾസിൽ ജേതാവ്. 1990 മുതൽ 95 വരെ കളിക്കൊപ്പം പരിശീലകനുമായി. പിന്നീട് പൂർണസമയ പരിശീലകൻ. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെ ഏറ്റവും ഉയർന്ന റാങ്കിലുള്ള പരിശീലകൻകൂടിയാണ് ബാലചന്ദ്രൻ. ഏറെക്കാലം പുണെയിൽ താമസിച്ചു. ഇപ്പോൾ ബെംഗളൂരുവിൽ.

പൊള്ളാച്ചിയിൽ ഡോ. കെ.എൻ. നായരുടെയും ഗിരിജാ മാണിക്കത്തിന്റെയും മകനാണ്. പത്തുവർഷത്തോളം നിയമയുദ്ധം നടത്തി നാവികസേനയിൽ വനിതകൾക്ക് സ്ഥിരംകമ്മിഷൻ അംഗീകാരം നേടിയെടുത്ത പ്രസന്ന ഇടയില്യമാണ് ഭാര്യ. മകൾ: ഭാവനാ നമ്പ്യാർ.