പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ഞായറാഴ്ച സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും. മത്സരം ഇന്ത്യൻ സമയം വൈകീട്ട് 6.30 മുതൽ.

ശനിയാഴ്ച പുലർച്ചെ സമാപിച്ച ആവേശകരമായ സെമിയിൽ സ്പാനിഷ് താരം റാഫേൽ നഡാലിനെ തോൽപ്പിച്ചാണ് (3-6, 6-3, 7-6, 6-2) ജോക്കോവിച്ച് ഫൈനലിൽ എത്തിയത്. കളിമൺ കോർട്ടിലെ കരുത്തനും ഫ്രഞ്ച് ഒാപ്പണിൽ 13 കിരീടങ്ങൾക്ക് ഉടമയുമായ നഡാലിനെ നാലുമണിക്കൂർ നീണ്ട പോരാട്ടത്തിലാണ് ജോക്കോ തറപറ്റിച്ചത്. തന്റെ എക്കാലത്തെയും മികച്ച മൂന്നു വിജയങ്ങളിലൊന്നായി ജോക്കോവിച്ച് ഇതിനെ വിശേഷിപ്പിച്ചു. ഫ്രഞ്ച് ഓപ്പണിലെ 108 മത്സരങ്ങളിൽ നഡാലിന് മൂന്നാമത്തെ തോൽവിയാണിത്.

ഇക്കുറി കിരീടം നേടിയാൽ എല്ലാ ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിലും ഒന്നിലധികം കിരീടം നേടുന്ന മൂന്നാമത്തെ മാത്രം താരമാകും ജോക്കോവിച്ച്. 52 വർഷത്തിനുശേഷമാകും ഈ നേട്ടം.

റോയ് എമേഴ്‌സൻ, റോഡ് ലേവർ എന്നിവർ നേരത്തേ നാലു ഗ്രാൻഡ്സ്ലാമിലും ഒന്നിലധികം കിരീടം നേടിയിട്ടുണ്ട്. ജോക്കോവിച്ചിന് ഇപ്പോൾ 18 ഗ്രാൻഡ്സ്ലാം കിരീടങ്ങളുണ്ട്. 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളുമായി റെക്കോഡ് പങ്കിടുന്ന റോജർ ഫെഡറർ, റാഫേൽ നഡാൽ എന്നിവരുമായുള്ള അകലം കുറയുകയും ചെയ്യും.