സെയ്‌ന്റ്പീറ്റേഴ്‌സ്ബർഗ്: യൂറോ കപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മത്സരത്തിൽ തുർക്കിക്കെതിരേ ഇറ്റലി ജയിച്ചപ്പോൾ അക്കിലെസ് എന്ന പൂച്ചയുടെ ‘പ്രവചന’വും ഫലിച്ചു. ഉദ്ഘാടനമത്സരത്തിനുമുമ്പ് ഇറ്റലി ജയിക്കുമെന്ന് അക്കിലെസ് പ്രവചിച്ചിരുന്നു. ശനിയാഴ്ച റഷ്യയ്ക്കെതിരേ ബെൽജിയം ജയിക്കുമെന്നാണ് അക്കിലെസിന്റെ പ്രവചനം. മത്സരത്തിനുമുമ്പ് രണ്ടു രാജ്യങ്ങളുടെയും ദേശീയ പതാകകൾ വെക്കും. ഇരു പതാകകളുടെയും സമീപം ഒരു പാത്രത്തിൽ പാലും വെക്കും. ഏത് പാത്രത്തിൽനിന്നാണോ പാല് കുടിക്കുന്നത് ആ രാജ്യം ജയിക്കും എന്നാണ് വ്യാഖ്യാനം.

റഷ്യയിലെ സെയ്‌ന്റ്പീറ്റേഴ്‌സ്ബർഗിലെ പുരാതന മ്യൂസിയത്തിൽ എലികളെ പിടിക്കാനായി കൊണ്ടുവന്ന പൂച്ച പ്രവചനത്തിലെ ‘പുലി’യായി മാറിയത് 2017 കോൺഫെഡറേഷൻസ് കപ്പിലാണ്. 2018-ൽ റഷ്യയിൽ നടന്ന ലോകകപ്പിലും ചില മത്സരങ്ങളിൽ അക്കിലസിന്റെ പ്രവചനങ്ങൾ ശരിയായി.