ന്യൂഡൽഹി: എം.എസ്. ധോനി 2022 വരെ ചെന്നൈ സൂപ്പർകിങ്‌സ് ക്രിക്കറ്റ് ടീമിൽ ഉണ്ടാവുമെന്ന് ടീം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കാശി വിശ്വനാഥൻ. യു.എ.ഇ.യിൽ നടക്കുന്ന ഇത്തവണത്തെ ഐ.പി.എല്ലിൽ ചെന്നൈ ടീമിനെ നയിക്കുക ധോനിയാവും. അദ്ദേഹത്തെക്കുറിച്ച് ടീം മാനേജ്മെന്റിന് ആശങ്കയില്ല. ടീമിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ധോനിക്ക് വ്യക്തമായറിയാം. അദ്ദേഹം സ്വന്തം സംസ്ഥാനത്ത് ഇൻഡോർ നെറ്റ്‌സിൽ ദീർഘമായി പരിശീലിച്ചിട്ടുണ്ട് -വിശ്വനാഥൻ പറഞ്ഞു. 2019 ലോകകപ്പിനുശേഷം ധോനി മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല.
ഉത്തേജകത്തിൽ കുരുങ്ങി മധ്യപ്രദേശ് വനിതാ ക്രിക്കറ്റർ
ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി മധ്യപ്രദേശ് താരം അൻഷുല റാവു. കഴിഞ്ഞവർഷം ക്രിക്കറ്റ് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി(നാഡ)യുടെ പരിധിയിൽ വന്നശേഷം ആദ്യമായാണ് ഈ കളിയിലെ ഒരാൾ പിടിക്കപ്പെടുന്നത്. ഓൾറൗണ്ടറായ അൻഷുലയെ നാഡ താത്‌കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ബി.സി.സി.ഐ. ടൂർണമെന്റായ അണ്ടർ 23 ട്വന്റി 20 ക്രിക്കറ്റിൽ കളിച്ചിട്ടുള്ള അൻഷുല അനബോളിക് സ്റ്റിറോയ്ഡ് ഉപയോഗിച്ചെന്ന് കണ്ടെത്തി. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് കഴിഞ്ഞവർഷം എട്ട് മാസത്തെ വിലക്ക് ലഭിച്ചിരുന്നു.
തിരിച്ചുവരവിൽ സെറീനയ്ക്ക് വിജയം
കെന്റക്കി: ആറുമാസത്തിനിടെ കളിച്ച ആദ്യ മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസിന് ജയം. കെന്റക്കിയിൽ നടക്കുന്ന ടോപ് സീഡ് ഓപ്പണിന്റെ ആദ്യമത്സരത്തിൽ, നാട്ടുകാരിയായ ബെർണാഡ പെര ഉയർത്തിയ കടുത്ത വെല്ലുവിളി സെറീന അതിജീവിച്ചു. (4-6, 6-4, 6-1). അടുത്ത മത്സരത്തിൽ സഹോദരി വീനസ് വില്യംസാണ് സെറീനയുടെ എതിരാളി. പതിനാറുകാരിയായ കൊകൊ ഗാഫും രണ്ടാം റൗണ്ടിൽ എത്തി.