*ട്രാക്കിലെത്താൻ കേരളം- 4

‘ഓപ്പറേഷൻ ഒളിമ്പിയ’ പദ്ധതിയിലൂടെ 2020, 2024 ഒളിമ്പിക്സുകളിൽ മെഡൽ നേടാൻ മലയാളി താരങ്ങളെ പ്രാപ്തരാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഒരു മലയാളി വനിതാ താരംപോലും ഇല്ല. 45 വർഷത്തിനിടെ ആദ്യമായിട്ടാണ് മലയാളി ഇല്ലാതെ ഇന്ത്യൻ വനിതാ അത്‌ലറ്റിക്സ് ടീം ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. പി.ടി. ഉഷയും ഷൈനി വിത്സണും എം.ഡി. വത്സമ്മയും മേഴ്‌സിക്കുട്ടനും അഞ്ജു ബോബി ജോർജും അടങ്ങുന്ന മഹത്തായ ഒരു നിരയുടെ പിൻമുറക്കാർക്കാണ് ഈ അവസ്ഥ.

പദ്ധതി കൊള്ളാം, പക്ഷേ,

‘‘11 കായിക ഇനങ്ങളിൽ എട്ടുവർഷത്തെ തുടർപരിശീലനം നൽകാൻ ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതി. 448 കോടി രൂപ ചെലവ്. ഇതിലൂടെ 280 താരങ്ങൾക്കു അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് ലക്ഷ്യം.’’ നാലു കൊല്ലം മുമ്പ് ഓപ്പറേഷൻ ഒളിമ്പിയ പദ്ധതിയുടെ തുടക്കത്തിൽ സർക്കാർ പറഞ്ഞു. കേരളത്തിന്‌ ഏറെ കരുത്തുള്ള അത്‌ലറ്റിക്സിലായിരുന്നു കൂടുതൽ പ്രതീക്ഷ. എന്നാൽ ഒളിമ്പിയ പദ്ധതിയിലൂടെ അത്‌ലറ്റിക്സിലേക്കു പുതുതായി ഒരാൾപോലും ഇതുവരെ വന്നിട്ടില്ല. എലൈറ്റ് പദ്ധതിയുടെ ഭാഗമായി തുടരുന്നവരാകട്ടെ, ഇപ്പോൾ തിരുവനന്തപുരം കവടിയാറിൽ വീടെടുത്ത് ഏറക്കുറെ സ്വന്തം നിലയിൽ പരിശീലനം തുടരുന്നു. മികച്ച നിലവാരത്തിലുള്ള പരിശീലനത്തിനായി ഒരാൾ കുറഞ്ഞത് 10000 രൂപയുടെയെങ്കിലും സ്പോർട്‌സ് ഷൂവും 12000 രൂപയുടെ സ്‌പൈക്കും വാങ്ങണം. ഒരു സീസണിൽ കൂടുതൽ അത് ഉപയോഗിക്കാനുമാകില്ല. ജേഴ്‌സിയും സ്പോർട്‌സ് കിറ്റും ഭക്ഷണവും താമസവും അടക്കമുള്ള കാര്യങ്ങൾക്ക് വേറെ തുക വേണം. ‘അന്താരാഷ്ട്ര നിലവാര’ത്തിലേക്കു ഉയർത്താനുള്ള ശ്രമങ്ങൾക്ക് വേണ്ടത്ര സാമ്പത്തിക പിന്തുണ കിട്ടുന്നില്ലെന്ന് താരങ്ങൾ പരാതിപ്പെടുന്നു.

അക്കാദമികളുടെ അതിജീവനം

കുട്ടികളെ ചെറുപ്രായത്തിൽ കണ്ടെത്തി കായികരംഗത്തേക്ക് കൊണ്ടുവരുന്ന സ്കൂളുകളും അക്കാദമികളുമാണ് ഇപ്പോൾ കായിക കേരളത്തിന്റെ ഊർജകേന്ദ്രം. സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ വിഭാഗത്തിൽ മെഡൽ നേടാനായി സ്കൂളുകളും അക്കാദമികളും അഞ്ചുവർഷമാണ് ഒരു കുട്ടിക്കുവേണ്ടി മാറ്റിവെക്കുന്നത്. ശരാശരി 10 ലക്ഷത്തോളം രൂപ ഇതിനായി അവർ ചെലവഴിക്കുന്നു. അതിൽനിന്ന് ഒളിമ്പിക് നിലവാരത്തിലുള്ള താരങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ പല അക്കാദമികൾക്കും കഴിയുന്നില്ല. സംസ്ഥാന സ്കൂൾ കായികമേളയിൽ 10 തവണ ജേതാക്കളായ കോതമംഗലം സെയ്‌ന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് കഴിഞ്ഞതവണ ഒരാൾ പോലും സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്തില്ല. എന്താണ് പറ്റിയതെന്നു ചോദിക്കുമ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പി.ടി. ഉഷയുടെയും മേഴ്‌സിക്കുട്ടന്റെയുമൊക്കെ അക്കാദമികളും സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശ്രമങ്ങളിലാണ്.

അതേപ്പറ്റി നാളെ