കൊൽക്കത്ത: സീസണിലെ ആദ്യ കളിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയമധുരം. പ്രതിരോധത്തിലെ കരുത്തൻ എനെസ് സിപോവിച്ചിന് പിറന്നാൾ മധുരവും. ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് സിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ നേവിയെ തോൽപ്പിച്ചു (1-0). പെനാൽട്ടിയിൽനിന്ന് യുറുഗ്വായ് മധ്യനിരതാരം അഡ്രിയൻ ലൂണ (71) വിജയഗോൾ നേടി.

വിങ്ങർ പ്രശാന്തിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടിയാണ് ലൂണ ഗോളാക്കിയത്. പുതിയ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ ടീമിന് ആദ്യ മത്സരമാണിത്. ടീമിലെ ബോസ്‌നിയൻ പ്രതിരോധനിരതാരം സിപോവിച്ചിന്റെ ജന്മദിനത്തിൽ ജയിക്കാൻ കഴിഞ്ഞത് ഇരട്ടിമധുരവുമായി.

ആദ്യകളിയിൽ ഇന്ത്യൻ നേവി ഡൽഹി എഫ്.സിയെ 2-1 ന് തോൽപ്പിച്ചിരുന്നു. വിദേശതാരങ്ങളായ സിപോവിച്ചിനെയും ലൂണയെയും ആദ്യ ഇലവനിൽ ഇറക്കിയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. മുന്നേറ്റത്തിൽ കെ.പി. രാഹുൽ വന്നപ്പോൾ പ്രശാന്തും സെയ്‌ത്യസെൻ സിങ്ങും വിങ്ങർമാരായി. ഹർമൻജ്യോത് ഖാബ്രയും ജീക്സൻസിങ്ങും മധ്യനിരയിൽ ഇറങ്ങി. ജെസെൽ കാർനെയ്‌റോ, സന്ദീപ് സിങ്, അബ്ദുൾ ഹക്കു എന്നിവർ പ്രതിരോധനിരക്കാരായി. അൽബിനോ ഗോമസാണ് വല കാത്തത്. സെപ്റ്റംബർ 15-ന് ബെംഗളൂരു എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.