കൊൽക്കത്ത: ഐ ലീഗ് ഫുട്‌ബോൾ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി. സീസണിലെ ആദ്യമത്സരത്തിനിറങ്ങുന്നു. ഡ്യൂറാൻഡ് കപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ആർമി റെഡ് ടീമാണ് എതിരാളി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റിലെ നിലവിലെ ജേതാക്കളാണ് ഗോകുലം.

12 മലയാളി താരങ്ങളും നാലുവിദേശികളും ഉൾപ്പെടുന്നതാണ് ഗോകുലം ടീം. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച വിസെൻസോ അന്നീസെയാണ് ടീമിനെ ഒരുക്കിയിറക്കുന്നത്. പരിചയസമ്പന്നനായ നൈജീരിയൻ സ്‌ട്രൈക്കർ ചിസ്സോം ചിക്കത്താരയും ഘാനക്കാരൻ റഹീം ഓസുമാനുവുമുള്ള മുന്നേറ്റനിരയാണ് ശക്തം. എന്നാൽ, ഇരുവരും ആദ്യ ഇലവനിൽ ഇറങ്ങുമോയെന്ന് ഉറപ്പായിട്ടില്ല. മധ്യനിരയിൽ നായകൻ മുഹമ്മദ് ഷെരീഫ്, പരിചയസമ്പന്നരായ മുഹമ്മദ് റാഷിദ്, എമിൽബെന്നി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. പ്രതിരോധത്തിന് കാമറൂൺ താരം അമിനൗ ബൗബയും പവൻകുമാറും നേതൃത്വം നൽകും.

ആദ്യകളിയിൽ അസം റൈഫിൾസിനെ 4-1 ന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ആർമി റെഡ്.