ന്യൂയോർക്ക്: ഒരു വിജയം, രണ്ട് നേട്ടങ്ങൾ. യു.എസ്. ഓപ്പൺ ടെന്നീസ് ഫൈനലിന് ഇറങ്ങുമ്പോൾ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് മുന്നിലുള്ളത് ഏതൊരു താരവും കൊതിക്കുന്ന റെക്കോഡുകളാണ്. യു.എസ്. ഓപ്പൺ നേടിയാൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടർ സ്ലാം നേടാനും സെർബ് താരത്തിനാകും. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ് വദേവാണ് എതിരാളി. ഫൈനൽ ഞായറാഴ്ച രാത്രി 1.30-ന്.

സെമിയിൽ ജോക്കോവിച്ച് നാലാം സീഡ് ജർമനിയുടെ അലക്സാണ്ടർ സവറേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി (4-6, 6-2, 6-4, 4-6, 6-2). ടോക്യോ ഒളിമ്പിക്സ് സെമിയിൽ ജർമൻ താരത്തിൽനിന്നേറ്റ തോൽവിക്കുള്ള മറുപടി കൂടിയാണിത്. മറ്റൊരു സെമിയിൽ മെദ് വദേവ് കാനഡയുടെ ഫെലിക്സ് അലിസിമിയെ തോൽപ്പിച്ചു (6-4, 7-5, 6-2). ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണ് റഷ്യൻ താരം കൊതിക്കുന്നത്.

ഗ്രാൻഡ്സ്ലാം റെക്കോഡ്

പുരുഷവിഭാഗത്തിൽ സ്വിറ്റ്‌സർലൻഡിന്റെ റോജർ ഫെഡറർ, സ്പെയിനിന്റെ റാഫേൽ നഡാൽ എന്നിവർക്കൊപ്പം ജോക്കോയ്ക്കും 20 ഗ്രാൻഡ്സ്ലാം വിജയങ്ങളുണ്ട്. യു.എസ്. ഓപ്പൺ നേടിയാൽ ജോക്കോ ഒറ്റയ്ക്ക് റെക്കോഡ് സ്വന്തമാക്കും. വനിതകളിൽ ഓസ്‌ട്രേലിയൻ താരം മാർഗരറ്റ് കോർട്ടിന് 24 ഗ്രാൻഡ്സ്ലാമും അമേരിക്കയുടെ സെറീന വില്യംസിന് 23 കിരീടങ്ങളും ജർമനിയുടെ സ്റ്റെഫി ഗ്രാഫിന് 22 കിരീടങ്ങളുമുണ്ട്.

കലണ്ടർ സ്ലാം

ഒരു കലണ്ടർ വർഷത്തിൽ നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന അപൂവനേട്ടമാണ് ജോക്കോയുടെ മുന്നിലുള്ളത്. ഈ വർഷം വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ എന്നിവ സെർബ് താരം നേടി. എന്നാൽ ഒളിമ്പിക്സിൽ സ്വർണം നേടാൻ കഴിയാതെ പോയതോടെ ഗോൾഡൻ സ്ലാമെന്ന മോഹം പൊലിഞ്ഞു.

പുരുഷവിഭാഗത്തിൽ ഇതിനുമുമ്പ് അമേരിക്കയുടെ ഡോൺ ബുഡ്ജും ഓസ്‌ട്രേലിയുടെ റോഡ് ലാവേറുമാണ് കലണ്ടർ സ്ലാം നേടിയത്. റോഡ് ലാവേർ രണ്ട് തവണ നേട്ടം കൈവരിച്ചു. വനിതകളിൽ മാർഗരറ്റ് കോർട്ടും സ്റ്റെഫി ഗ്രാഫും അമേരിക്കയുടെ മൗറീൻ കോന്നോളിയുമാണ് നേട്ടം സ്വന്തമാക്കിയത്.