ലണ്ടന്‍: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍. ക്രിക്കറ്റ് ഈ വര്‍ഷം പുനരാരംഭിച്ചാല്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സ്. അവര്‍ രാജ്യത്തിനുവേണ്ടി കളിക്കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബര്‍ രണ്ടാം പകുതിയിലോ ഒക്ടോബറില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പിന് മുമ്പോ ഐ.പി.എല്‍. പൂര്‍ത്തിയാക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. പക്ഷേ, ഈ സമയത്ത് ഇംഗ്ലണ്ട് താരങ്ങള്‍ക്കുമുന്നില്‍ ബംഗ്ലാദേശ്, പാകിസ്താന്‍ പര്യടനങ്ങളുണ്ട്. ലോകകപ്പിനുശേഷം ആഷസ് പരമ്പര തുടങ്ങുകയും ചെയ്യും. 11 ഇംഗ്ലണ്ട് താരങ്ങളാണ് വിവിധ ഫ്രാഞ്ചൈസികളിലായി ഐ.പി.എലിലുള്ളത്.