ടോക്യോ: ഈ വര്‍ഷത്തേക്ക്‌ മാറ്റിവെക്കപ്പെട്ട ടോക്യോ ഒളിമ്പിക്‌സ് നടക്കുമെന്ന് ഉറപ്പില്ലെന്ന് ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക. ഒരു അത്‌ലറ്റ് എന്നനിലയില്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു മനുഷ്യനെന്നനിലയില്‍ പക്ഷേ, അങ്ങനെയല്ല ചിന്ത. കോവിഡ് മഹാമാരിക്കിടയില്‍ അതു വേണോ? ലോകമെങ്ങും ജനങ്ങള്‍ അത്രയും ബുദ്ധിമുട്ടുന്നു. ആരും സുരക്ഷിതരല്ല. തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് -ഒസാക്ക പറഞ്ഞു.

ജൂലായ് 23-ന് തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന ഒളിമ്പിക്‌സില്‍ ഇരുനൂറോളം രാജ്യങ്ങളില്‍നിന്നുള്ള പതിനായിരത്തിലേറെ അത്‌ലറ്റുകളാണ് മത്സരിക്കുന്നത്. ഗെയിംസ് നിശ്ചയമായും നടക്കുമെന്ന് ജപ്പാന്‍ സര്‍ക്കാരും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ആവര്‍ത്തിക്കുമ്പോഴും രാജ്യത്തെ ജനങ്ങള്‍ എതിരാണ്. ഒളിമ്പിക്‌സ് റദ്ദാക്കണമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മൂന്നുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.