ബ്രസീലിയ: 103 വർഷം മുമ്പ് ഒരു കോപ്പ കാലത്ത് സമാന സാഹചര്യത്തിലായിരുന്നു ബ്രസീൽ. മൂന്നാമത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് നിശ്ചയിച്ചിരുന്നത് ബ്രസീലിൽ. ആതിഥേയർക്കൊപ്പം അർജന്റീന, ചിലി, യുറുഗ്വായ് ടീമുകളാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ, 1918-ൽ സ്പാനിഷ് ഫ്ളൂ പടർന്നുപിടിച്ചതോടെ രാജ്യം പ്രതിസന്ധിയിലായി. ആദ്യരോഗം കണ്ടെത്തി രണ്ടുമാസം കഴിഞ്ഞ് നവംബർ 10-നാണ് ടൂർണമെന്റ് തുടങ്ങേണ്ടിയിരുന്നത്. എന്നാൽ, അതിനിടെ വൈറസ് അതിവേഗം പടർന്നു. ഇക്കാലത്തെ കോവിഡ് പോലെ ജനജീവിതം നിശ്ചലമായി. ബ്രസീലിലെ മൂന്നുകോടി ജനങ്ങളിൽ 65 ശതമാനവും രോഗബാധിതരായി. തെരുവുകളിൽ മൃതദേഹങ്ങൾ കുന്നുകൂടി. ചില കളിക്കാരും മരിച്ചു. പിന്നീട് ടൂർണമെന്റ് 1919 മേയിലേക്ക് മാറ്റി. ആ ടൂർണമെന്റിലാണ് ആദ്യമായ് ബ്രസീൽ ചാമ്പ്യന്മാരാകുന്നത്.