കൊളോൺ: മാഞ്ചെസ്റ്റർ യുണൈറ്റഡും ഇന്റർമിലാനും യൂറോപ്പ ലീഗ് ഫുട്‌ബോൾ സെമി ഫൈനലിൽ കടന്നു. യുണൈറ്റഡ് എഫ്.സി. കോപ്പൻഹേഗനെയും (1-0) ഇന്റർ മിലാൻ ബയേർ ലേവർക്യൂസനെയും (2-1) തോൽപ്പിച്ചു.

അധികസമയത്തേക്ക് നീണ്ട കളിയിലാണ് യുണൈറ്റഡ് കോപ്പൻഹേഹനെ തോൽപ്പിച്ചത്. 95-ാം മിനിറ്റിൽ പെനാൽട്ടിയിൽനിന്ന് ബ്രൂണോ ഫെർണാണ്ടസ് വിജയഗോൾ നേടി. ആന്റണി മാർഷ്യലിനെ വീഴ്ത്തിയതിന് ലഭിച്ച കിക്കാണ് ഗോളാക്കിമാറ്റിയത്.

കോപ്പൻഹേഗൻ ഗോൾ കീപ്പർ കാൾസ് ജോഹാൻ ജോൺസന്റെ ഗംഭീര പ്രകടനമാണ് യുണൈറ്റഡിന്റെ വിജയം അധികസമയത്തേക്ക് നീട്ടിയത്. ജോഹാൻ 13 സേവുകൾ നടത്തി. ആകെ 26 ഷോട്ടുകൾ യുണൈറ്റഡിന്റേതായുണ്ട്. മർക്കസ് റാഷ്‌ഫോഡിന്റെ ഗോൾ വാർ പരിശോധനയിലൂടെ അനുവദിക്കാതിരുന്നതും ബ്രൂണോയുടേയും മാസൺ ഗ്രീൻവുഡിന്റെയും ഷോട്ടുകൾ പോസ്റ്റിലിടിച്ച് മടങ്ങിയതും ഇംഗ്ലീഷ് ക്ലബ്ബിന് തിരിച്ചടിയായി. വോൾവ്‌സ്-സെവിയ മത്സരവിജയികളാണ് സെമിയിൽ എതിരാളി.

നിക്കോള ബറേല്ല (15), റൊമേലു ലുക്കാക്കു (21) എന്നിവരുടെ ഗോളിലാണ് ഇന്റർ ജയിച്ചത്. കെയ് ഹാവെർട്‌സ് (24) ലേവർക്യൂസനായി ഒരു ഗോൾ മടക്കി. അതിനിടെ മുന്നേറ്റനിരക്കാരൻ അലക്സിസ് സാഞ്ചസിന് പരിക്കേറ്റത് ഇൻററിന് തിരിച്ചടിയായി. ബാസൽ-ഷാക്തർ മത്സരവിജയിയാകും സെമിയിൽ ഇന്ററിെൻറ എതിരാളി.