ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഒറ്റത്തവണ തീർപ്പാക്കൽ മത്സരങ്ങൾക്ക് തുടക്കമാകുന്നു. പതിവ് ഇരുപാദ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി ഒറ്റ മത്സരത്തിൽ തീരുമാനമാകുന്ന ക്വാർട്ടർ ഫൈനലുകൾ ബുധനാഴ്ച അർധരാത്രിയോടെ തുടങ്ങും. ആദ്യ ക്വാർട്ടറിൽ, ബുധനാഴ്ച രാത്രി 12.30-ന് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. ഇറ്റാലിയൻ ക്ലബ്ബ് അറ്റ്‌ലാന്റയെ നേരിടും.

കോവിഡ് 19 വ്യാപനത്തോടെ നീണ്ട ഇടവേള വന്നതും രോഗഭീതി ഒഴിയാത്തതുമാണ് ക്വാർട്ടർ മുതൽ ടൂർണമെന്റ് മോഡലിലേക്ക് മാറാൻ കാരണം. സെമിഫൈനലും ഒറ്റ പാദമായിരിക്കും. പോർച്ചുഗലിലെ ലിസ്ബണിലാണ് ഇനിയുള്ള എല്ലാ മത്സരങ്ങളും. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ കടുപ്പിച്ചിട്ടുണ്ട്.

പ്രതീക്ഷയോടെ പി.എസ്.ജി.

ഫ്രഞ്ച് ആഭ്യന്തര ഫുട്‌ബോൾ സീസണിൽ നാല് കിരീടങ്ങൾ നേടിയിട്ടാണ് പി.എസ്.ജിയുടെ വരവ്. അതിശക്തമായ ആക്രമണനിരയാണ് ടീമിന്റെ കരുത്ത്. സൂപ്പർ താരങ്ങളായ നെയ്മറും മൗറോ ഇക്കാർഡിയും ഒറ്റയ്ക്ക് കളിയെ മാറ്റിമാറിക്കാൻ കെൽപ്പുള്ളവർ.

കൈലിയൻ എംബാപ്പയുടെ പരിക്കാണ് ടീമിനെ അലട്ടുന്നത്. ഫ്രഞ്ച് കപ്പ് ഫൈനലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന എംബാപ്പെയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിങ്ങർ എയ്ഞ്ചൽ ഡി മരിയ സസ്പെൻഷൻകാരണം കളിക്കാത്തതും തിരിച്ചടിയാകും. പരിക്കേറ്റ മധ്യനിര താരം മാർക്കോ വെറാറ്റിയുമുണ്ടാകില്ല. മുന്നേറ്റത്തിൽ നെയ്മർ -ഇക്കാർഡി- പാബ്ലോ സറാബിയ ത്രയമാകും കളിക്കുന്നത്.

ഇറ്റാലിയൻ ലീഗിലെ പുതുശക്തികളാണ് അറ്റ്‌ലാന്റ. കിടയറ്റ ആക്രമണമാണ് ടീമിന്റെ കരുത്ത്. കോവിഡിന് ശേഷം സീരി എ പുനരാരംഭിച്ചപ്പോൾ ഒരു മത്സരം മാത്രമാണ് തോറ്റത്. കൂടുതൽ ഗോൾ നേടിയതും അറ്റ്‌ലാന്റതന്നെ.

മികച്ച മുന്നേറ്റനിരയുണ്ടെങ്കിലും പ്രതിരോധത്തിലെ പാളിച്ചകൾ ടീമിന് തലവേദനയാകും. ചാമ്പ്യൻ ലീഗിലെ ടോപ് സ്കോറർ ജോസപ് ലിസിച്ചിന്റെ മങ്ങിയ ഫോമും തിരിച്ചടിയാണ്. ദുവാൻ സപാറ്റയെ ഏക സ്‌ട്രൈക്കറാക്കിയാണ് ടീം കളിക്കുക. 3-4-2-1 ശൈലിയിൽ കളിക്കുന്ന ടീമിൽ സപാറ്റയെ സഹായിക്കാൻ റുസ്‌ലാൻ മലിനോവ്‌സ്കിയും അലസാൻഡ്രോ ഗോമസുമുണ്ടാകും. സീസണിൽ ടീം 98 ഗോളുകൾ നേടിയിട്ടുണ്ട്.