മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളിലെ നിർണായക എൽ ക്ലാസിക്കോ ജയിച്ച് റയൽ മഡ്രിഡ്. എഫ്.സി. ബാഴ്‌സലോണയെ 2-1 ന് തോൽപ്പിച്ചു. ജയത്തോടെ റയൽ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.

കരീം ബെൻസമ (13), ടോണി ക്രൂസ് (28) എന്നിവർ റയലിനായി ഗോൾ നേടി. ഓസ്‌കർ മിൻഗുയ്‌സെ (60) ബാഴ്‌സയുടെ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ റയൽ മധ്യനിരതാരം കാസെമിറോ ചുവപ്പുകാർഡ് കണ്ട് പുറത്തായി.

സീസണിലെ രണ്ട് എൽ ക്ലാസിക്കോകളിലും റയലിനായി ജയം. ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന ആദ്യ എൽക്ലാസിക്കോയിൽ 3-1 നായിരുന്നു റയലിന്റെ ജയം. 2007-’08 സീസണിന് ശേഷം ആദ്യമായാണ് റയൽ രണ്ട് എൽ ക്ലാസിക്കോയിലും ജയിക്കുന്നത്.

പന്ത് കൈവശം വെക്കുന്നതിലും ആക്രമണം സംഘടിപ്പിക്കുന്നതിലും ബാഴ്‌സ മുന്നിട്ടുനിന്നെങ്കിലും അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തി റയൽ ജയം പിടിച്ചെടുത്തു. നായകൻ സെർജി റാമോസും പ്രതിരോധത്തിലെ കരുത്തൻ റാഫേൽ വരാനുമില്ലാതെയാണ് റയൽ കളിച്ചത്.

30 കളിയിൽ 66 പോയന്റുമായി നീണ്ട ഇടവേളയ്ക്കുശേഷം റയൽ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. 29 കളിയിൽ ഇത്രയും പോയന്റ് അത്‌ലറ്റിക്കോ മഡ്രിഡിനുണ്ട്. എന്നാൽ, പരസ്പരം കളിച്ച മത്സരഫലത്തിന്റെ ആനുകൂല്യത്തിലാണ് റയൽ ഒന്നാമതുള്ളത്. 65 പോയന്റുള്ള ബാഴ്‌സ മൂന്നാമതാണ്. എൽ ക്ലാസിക്കോയിലെ ജയം കിരീടപ്പോരാട്ടത്തിൽ റയലിന് ആത്മവിശ്വാസം നൽകും. അതേസമയം ജനുവരി അവസാന ആഴ്ചയിൽ പത്ത് പോയന്റ് ലീഡുണ്ടായിരുന്ന അത്‌ലറ്റിക്കോ മഡ്രിഡ് പിന്നോട്ടുപോകുകയും ചെയ്തു.