യൂറോകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ മികവുകൊണ്ട് അടയാളപ്പെടുത്തിയ പേരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടേത്. കഴിഞ്ഞതവണ പോർച്ചുഗലിനെ കിരീടത്തിലേക്ക് നയിക്കാനുമായി. ഇത്തവണ ക്രിസ്റ്റ്യാനോയെ കാത്ത് ചില റെക്കോഡുകളും നേട്ടങ്ങളും കാത്തിരിപ്പുണ്ട്.

*ഒരുതവണകൂടി പോർച്ചുഗലിനെ കിരീടത്തിലേക്ക് നയിച്ചാൽ സമാനതകളില്ലാത്ത താരമായി മാറും. നിലവിൽ യൂറോകപ്പിനൊപ്പം യുവേഫ നേഷൻസ് ലീഗിലും ചാമ്പ്യൻ ടീമിന്റെ നായകനും ക്രിസ്റ്റ്യാനോയാണ്.

*യൂറോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോഡ് ഫ്രാൻസ് താരം മിഷേൽ പ്ലാറ്റീനിക്കൊപ്പം പങ്കുവെക്കുകയാണ്. ഒമ്പത് ഗോളാണ് ഇരുതാരങ്ങളും നേടിയത്. ഒരുതവണ കൂടി ലക്ഷ്യം കണ്ടാൽ റെക്കോഡ് പോർച്ചുഗൽതാരത്തിന് സ്വന്തമാകും. 21 കളിയിൽ നിന്നാണ് ക്രിസ്റ്റ്യാനോ ഇത്രയും ഗോളുകൾ നേടിയത്.

* നാല് യൂറോകപ്പിൽ കളിച്ച ക്രിസ്റ്റ്യാനോ രണ്ട് ടൂർണമെന്റുകളിൽ മൂന്ന് ഗോളുകൾ വീതം നേടിയിട്ടുണ്ട്. ഇത് മറ്റൊരുതാരത്തിനും അവകാശപ്പെടാനില്ലാത്തതാണ്. യൂറോകപ്പിലെ വിജയങ്ങളുടെ എണ്ണത്തിൽ സ്പാനിഷ് താരങ്ങളായ ആന്ദ്രെ ഇനിയേസ്റ്റ, സെസ്ക് ഫാബ്രിഗാസ് എന്നിവർക്കൊപ്പമാണ്. 11 വിജയങ്ങളാണ് മൂവർക്കുമുള്ളത്. ഫൈനൽ റൗണ്ടിൽ 21 മത്സരം കളിച്ച ക്രിസ്റ്റ്യാനോ ബഹുദൂരം മുന്നിലാണ്. 18 മത്സരം കളിച്ച ജർമനിയുടെ ബാസ്റ്റിൻ ഷ്വാൻസ്റ്റീഗറാണ് രണ്ടാമത്.

* ടൂർണമെന്റിൽ അഞ്ച് ഗോൾകൂടി നേടിയാൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇറാന്റെ അലി ദേയിയുടെ (109) റെക്കോഡിനൊപ്പമെത്താനും താരത്തിനാകും. ക്രിസ്റ്റ്യാനോയ്ക്ക് 104 ഗോളുകളാണുള്ളത്.