മാഞ്ചെസ്റ്റർ : മുഖ്യ കോച്ച് രവിശാസ്ത്രിയടക്കം പരിശീലക സംഘത്തിലെ പ്രമുഖർ കോവിഡിന്റെ പിടിയിൽ. ടെസ്റ്റിൽ സമനിലയോ ജയമോ ആണെങ്കിൽ അപൂർവമായൊരു നേട്ടം ഇന്ത്യൻ ടീമിനും ക്യാപ്റ്റൻ വിരാട് കോലിക്കും. മറ്റൊരു ഭാഗത്ത് മഴഭീഷണി.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് വെള്ളിയാഴ്ച വൈകീട്ട് 3.30-ന് മാഞ്ചെസ്റ്ററിൽ തുടങ്ങാനിരിക്കേ, കാര്യങ്ങൾ സങ്കീർണമാണ്. മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഓവലിൽ നടന്ന നാലാം ടെസ്റ്റിനിടെയാണ് കോച്ച് രവിശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ബൗളിങ് കോച്ച് ഭരത് അരുണും പോസിറ്റീവായി. ടീം ഫിസിയോ യോഗേഷ് പാർമർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ടീമിന്റെ പരിശീലനം ഒഴിവാക്കി.

കളിക്കാരും ആശങ്കയിലാണ്. കളിക്കാരുടെ ആർ.ടി.പി.സി.ആർ. പരിശോധനാ റിപ്പോർട്ട് വരാനിരിക്കുന്നു. അവരവരുടെ മുറി വിട്ട് പുറത്തുപോകരുതെന്ന് കളിക്കാരോട് നിർദേശിച്ചിട്ടുണ്ട്.

ടീമിന്റെ പ്രധാന ഫിസിയോ നിതിൻ പട്ടേൽ നേരത്തേ ഐസൊലേഷനിലാണ്. സഹായിയായ യോഗേഷിനും രോഗം സ്ഥിരീകരിച്ചതോടെ, ഫിസിയോ ഇല്ലാതെവേണം മത്സരത്തിനിറങ്ങാൻ.

ഫീൽഡിങ് കോച്ച് ആർ. ശ്രീധർ, അരുൺ എന്നിവരും ഐസൊലേഷനിലാണ്. ഓവലിൽ നാലാം ടെസ്റ്റ് ജയിക്കുമ്പോൾ ബാറ്റിങ് കോച്ച് വിക്രം റാത്തോർ മാത്രമാണ് ടീമിനൊപ്പമുണ്ടായിരുന്നത്.

മത്സരം നടക്കുമോയെന്ന് സംശയമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) പ്രസിഡന്റ് സൗരവ് ഗാംഗുലി കൊൽക്കത്തയിൽ പറഞ്ഞു.

അഞ്ച്‌ ടെസ്റ്റുകളുടെ പരമ്പരയിൽ 2-1ന് മുന്നിലാണിപ്പോൾ ഇന്ത്യ. അഞ്ചാം ടെസ്റ്റ് ജയിക്കുകയോ സമനിലയാവുകയോ ചെയ്താൽ പരമ്പര ഇന്ത്യ നേടും. അങ്ങനെയെങ്കിൽ ക്രിക്കറ്റിലെ വൻ ശക്തികളായ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരേ അവരുടെ ഗ്രൗണ്ടിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഇന്ത്യൻ നായകനാകും വിരാട് കോലി.

ഇതിനിടെ, മാഞ്ചെസ്റ്ററിൽ വെള്ളി, ശനി ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രചനം ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നു.

ബാറ്റിങ്ങിൽ അജിൻക്യ രഹാനെ മോശം പ്രകടനം ആവർത്തിക്കുന്നതും പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ അമിത ജോലിഭാരവുമാണ് ഇന്ത്യയുടെ പ്രധാന പ്രശ്നങ്ങൾ. നാലു ടെസ്റ്റിൽ ബുംറ 151 ഓവർ ബൗൾ ചെയ്തു. ഇക്കുറി ബുംറയ്ക്ക് വിശ്രമം നൽകി മുഹമ്മദ് ഷമിയെ തിരിച്ചുകൊണ്ടുവരാനിടയുണ്ട്. പക്ഷേ, നിർണായക മത്സരത്തിൽ ബുംറയെ പുറത്തിരുത്താൻ ക്യാപ്റ്റന് താത്‌പര്യമുണ്ടാകില്ല.

കഴിഞ്ഞ ഏഴ് ഇന്നിങ്‌സിൽ ആറിലും ചെറിയ സ്കോറിൽ പുറത്തായ രഹാനെയ്ക്ക് ഒരു അവസരംകൂടി ലഭിക്കുമെന്ന് ഉറപ്പില്ല. ഇനിയും പരാജയപ്പെട്ടാൽ രഹാനെയുടെ അന്താരാഷ്ട്ര കരിയർ അവസാനിക്കാനും സാധ്യതയുണ്ട്. രഹാനെയ്ക്ക് പകരം സൂര്യകുമാർ യാദവ്, ഹനുമ വിഹാരി എന്നിവരെ പരീക്ഷിക്കാനുള്ള അവസരം ടീമിന് മുന്നിലുണ്ട്.

ലോകോത്തര സ്പിന്നർ ആർ. അശ്വിന് കഴിഞ്ഞ നാലു ടെസ്റ്റിലും കളിക്കാൻ അവസരം കിട്ടിയില്ല. ഇത് ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. അഞ്ചാം ടെസ്റ്റിൽ അശ്വിന് അവസരം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.