സിഡ്‌നി: അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ നിന്ന് പിന്മാറുമെന്ന് ഓസ്‌ട്രേലിയ. ക്രിക്കറ്റ് ഉൾപ്പെടെ വനിതകൾ പങ്കെടുക്കുന്ന കായികയിനങ്ങൾ നിരോധിക്കാനുള്ള താലിബാൻ സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വരുന്ന നവംബറിൽ ഹൊബാർട്ടിൽ അഫ്ഗാനെതിരേ ഒരു ടെസ്റ്റ് മത്സരം കളിക്കാനായിരുന്നു ഓസ്‌ട്രേലിയയുടെ തീരുമാനം. എന്നാൽ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ, വനിതാ കായിക ഇനങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കിൽ ക്രിക്കറ്റ് മത്സരത്തിൽനിന്ന് പിന്മാറുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിയത്. ആഗോളതലത്തിൽ വനിത ക്രിക്കറ്റിനെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും താലിബാൻ തീരുമാനത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഐ.സി.സി. ചട്ടപ്രകാരം അംഗരാജ്യങ്ങൾക്ക് പുരുഷ ടീമിനൊപ്പം വനിതാ ടീമും നിർബന്ധമാണ്. അല്ലെങ്കിൽ അംഗത്വം നഷ്ടപ്പെടും.