ജാവലിനും ഷോട്ട്‌പുട്ടും ഡിസ്കസുമൊക്കെ എറിഞ്ഞു നടന്നിരുന്ന ലേഖ എന്ന പെൺകുട്ടിയോട്, കൊല്ലത്തു നടക്കുന്ന ബോക്സിങ് ക്യാമ്പിൽ ചെല്ലാമോയെന്നു ചോദിക്കുമ്പോൾ കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ജഗന്നാഥന് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൂട്ടുകാരികളോടു ലേഖ അഭിപ്രായം ചോദിച്ചപ്പോൾ ‘മുഖത്തിന്റെ ഷേപ്പ് മാറുന്ന പരിപാടിക്കു പോണോ’ എന്നായിരുന്നു പ്രതികരണം. എങ്കിലും ലേഖ കണ്ണൂരിൽനിന്ന് കൊല്ലത്തേക്കു വണ്ടി കയറി. അവിടെവെച്ച് ബോക്സിങ്ങിന്റെ അടിസ്ഥാനപാഠങ്ങൾ പഠിച്ചു. സെലക്ഷൻ ട്രയൽ ജയിച്ച് സംസ്ഥാന ടീമിലെത്തി. ചെന്നൈയിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്ന്‌ ബൗട്ടുകളും ജയിച്ച് സ്വർണമണിഞ്ഞു.

പിന്നീട് ലേഖയും കൂട്ടുകാരികളും കായികകേരളത്തിന്റെ ചരിത്രത്തിൽ ഇടം നേടി. ലേഖ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞപ്പോൾ അശ്വതി മോൾ മൂന്നാം സ്ഥാനത്തെത്തി. അശ്വതി പ്രഭ രണ്ടുതവണ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി. 2000 തുടക്കത്തിൽ കൊല്ലം ‘സായി’ കേന്ദ്രമായി തുടങ്ങിയ ‘ഇടി പദ്ധതി’കളുടെ ഫലമായിരുന്നു അതെല്ലാം. അക്കാലത്ത് ഒളിമ്പിക് മെഡൽ ജേതാവ് മേരി കോമും സരിത ദേവിയുമൊക്കെ ഉൾപ്പെട്ട മണിപ്പൂർ ടീമിനെ തോൽപ്പിച്ച് ഈ പെൺപട ദേശീയ വനിതാ ബോക്സിങ് കിരീടം നേടി. പക്ഷേ, ഈ വിജയങ്ങളൊന്നും ഒളിമ്പിക്സിലേക്കെത്തിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. മണിപ്പൂരുകാരാകട്ടെ, ഒളിമ്പിക്സിൽ മെഡൽ നേടി. ‘ഇടിച്ചതും നീയേ, പിന്നെ കിതച്ചതും നീയേ...’ എന്ന മട്ടിലായി കേരളം. ‘ബോക്സിങ്ങിനായി ഒരുക്കിക്കൊടുത്ത സൗകര്യങ്ങളും പരിശീലന സാധ്യതകളുമൊക്കെയാണ് അവർക്കു ഗുണമായത്.’ കെ.സി. ലേഖ പറഞ്ഞു.

*പൂട്ടിയ സെന്ററുകളും കൊഴിഞ്ഞ താരങ്ങളും

മികച്ചതാരങ്ങളെ വളർത്തിയ കൊല്ലത്തെ സായി ബോക്സിങ് സെന്റർ 2011-ൽ പൂട്ടി. 2014-ൽ തിരുവനന്തപുരം എൽ.എൻ.സി.പി.യിൽ തുടങ്ങിയ സെന്ററിൽനിന്ന് ഒരുപിടി മികച്ചതാരങ്ങൾ ഉയർന്നുവന്നു, 2019ൽ അതും പൂട്ടി. ആ സെന്റർ തമിഴ്‌നാട്ടിലെ മൈലാടുതുറയിലേക്കു മാറ്റിയപ്പോൾ അവിടെയുണ്ടായിരുന്ന പലരും പരിശീലനം നിർത്തിപ്പോയി. സ്പോർട്‌സ് കൗൺസിലിനുകീഴിൽ മൂന്നും സ്പോർട്‌സ് ഡയറക്ടറേറ്റിനുകീഴിൽ രണ്ടു സെന്ററുകളും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാസ്‌റൂട്ടിൽ താരങ്ങളെ പിടിക്കണമെന്ന വിദഗ്‌ധ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരോ ജില്ലയിലും രണ്ടുവീതമായി 28 സെന്ററുകൾ വേണമെന്ന ശുപാർശയും ഇതിനിടയിലുണ്ടായി. അതനുസരിച്ച് അഞ്ച്‌ ഗ്രാസ്‌റൂട്ട് സെന്ററുകൾക്കു സർക്കാർ അനുമതി നൽകിയെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല.

* ‘തുല്യഭാര’ത്തിലെ സാധ്യതകൾ

ബോക്സിങ് അടക്കമുള്ള ഒളിമ്പിക് പ്രയോറിറ്റി ഗെയിമുകളിലെ ‘തുല്യഭാര’ സാധ്യത കേരളം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്ന് ബോക്സിങ് കോച്ച് ചന്ദ്രലാൽ പറയുന്നു. ‘‘ഇന്ത്യയ്ക്ക് ഫുട്‌ബോളിലോ വോളിബോളിലോ ഒളിമ്പിക് വിജയം എളുപ്പമല്ല. എന്നാൽ ബോക്സിങ് ഉൾപ്പെടെയുള്ള ഗെയിമുകൾ തുല്യഭാരമുള്ളവരുടെ പോരാട്ടമാണ്. ശരീരഭാരത്തിലെയും കായികക്ഷമതയിലെയും വ്യത്യാസം പ്രശ്നമല്ലാത്ത ഗെയിമുകളാണ് ആർച്ചറിയും ഷൂട്ടിങ്ങും. ഇത്തരം പ്രയോറിറ്റി ഗെയിമുകളിൽ മണിപ്പൂർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക നിലവാരത്തിലുള്ള പരിശീലനസൗകര്യമുണ്ട്.’ -ചന്ദ്രലാൽ പറഞ്ഞു.

ഒളിമ്പിക്സ് പോലുള്ള കായികവേദിയിലേക്കു നമ്മുടെ താരങ്ങളെ ഉയർത്തണമെങ്കിൽ വർഷങ്ങൾ നീണ്ട പ്രയത്നം വേണം. ‘ഓപ്പറേഷൻ ഒളിമ്പിയ’ പോലെയുള്ള പദ്ധതികൾ കേരളത്തിലുണ്ടായിട്ടും നമ്മുടെ ലക്ഷ്യം ഇപ്പോഴും അകലെയാണ്. എന്തുകൊണ്ടാണിത്?

അതേപ്പറ്റി നാളെ (തുടരും...)