ന്യൂയോർക്ക്: യു.എസ്. ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം സെമിഫൈനലിൽ ലോക ഒന്നാംനമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് നാലാം സീഡ് ജർമനിയുടെ അലക്‌സാണ്ടർ സവ്‌റേവിനെ നേരിടും. മറ്റൊരു സെമിയിൽ രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ് വദേവ്‌ കാനഡയുടെ ഫെലിക്സ് അലിസിമെയുമായി കളിക്കും.

വെള്ളിയാഴ്ച പുലർച്ചെ നടക്കുന്ന വനിതകളുടെ സെമിയിൽ കാനഡയുടെ ലെയ്‌ല ഫെർണാണ്ടസ് ബലാറസിന്റെ അര്യാന സബലെങ്കയെയും ബ്രിട്ടന്റെ എമ്മ റാഡുകാനു ഗ്രീസിന്റെ മരിയ സാക്കരിയെയും നേരിടും.

സെർബിയൻ താരം ജോക്കോവിച്ച് ഇറ്റലിയുടെ ആറാം സീഡ് മാറ്റിയോ ബെരെറ്റിനിയെ ക്വാർട്ടർഫൈനലിൽ കീഴടക്കി (5-7, 6-2, 6-2, 6-3). ജർമനിയുടെ സവ്‌റേവ് ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരീസിനെ തോൽപ്പിച്ചു (7-6, 6-3, 6-4).

ബ്രിട്ടന്റെ കൗമാരതാരം എമ്മ റാഡുകാനു 11-ാം സീഡ് സ്വീറ്റ്‌സർലൻഡിന്റെ ബെലിൻഡ ബെൻസിച്ചിനെ അട്ടിമറിച്ചു (6-3, 6-4). ഗ്രീസിന്റെ സാക്കരി നാലാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവയെ കീഴടക്കിയാണ് സെമിയിൽ കടന്നത്.