മിലാൻ: ലോകകപ്പ് കിരീടത്തിനൊപ്പം യുവേഫ നേഷൻസ് ലീഗും മോഹിക്കുന്ന ഫ്രാൻസ് ഒരു വശത്ത്. പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കൊതിക്കുന്ന സ്പെയിനിന്റെ യുവസംഘം മറുവശത്ത്. നേഷൻസ് ലീഗ് ഫൈനലിൽ യൂറോപ്പിലെ വമ്പന്മാരായ ഫ്രാൻസും സ്പെയിനും നേർക്കുനേർ. ഞായറാഴ്ച രാത്രി 12.15-നാണ് കിക്കോഫ്.

കരുത്തോടെ ഫ്രാൻസ്

ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബെൽജിയത്തിനെതിരേ ശക്തമായി തിരിച്ചുവന്ന് നേടിയ ജയം ഫ്രാൻസിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. സെമിഫൈനലിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് ജയിച്ചത് ടീമിന്റെ സാധ്യതകളും വർധിപ്പിക്കുന്നു. അതിശക്തമായ മുന്നേറ്റനിരയും കയറിക്കളിക്കാൻ കഴിയുന്ന വിങ്ബാക്കുകളും മധ്യനിരയിൽ പോൾ പോഗ്ബയെന്ന തളരാത്ത പോരാളിയുമാണ് ഫ്രാൻസിന്റെ കരുത്ത്. കൈലിയൻ എംബാപ്പെ- കരീം ബെൻസമ-ആന്റോയിൻ ഗ്രീസ്മാൻ ത്രയം ബെൽജിയത്തിനെതിരേ ക്ലിക്കായതും ടീമിനെ ഉത്തേജിപ്പിക്കും.

സാധ്യതാ ടീം: ലോറിസ്, കൗൻഡെ, വരാൻ, ലൂക്കാസ് ഹെർണാണ്ടസ്, പവാർഡ്, ചൗമെനി, പോഗ്ബ, തിയോ ഹെർണാണ്ടസ്, ഗ്രീസ്മാൻ, ബെൻസമ, എംബാപ്പെ

പ്രതീക്ഷയോടെ യുവനിര

പുതിയൊരു സ്പാനിഷ് നിരയെ വാർത്തെടുക്കാൻ ശ്രമിക്കുന്ന കോച്ച് ലൂയി ഹെൻറീക്കെക്ക് നേഷൻസ് കപ്പ് ജയിച്ചാൽ അത് വലിയ ഉത്തേജനമാകും. യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ സെമിയിൽ 2-1 ന് വീഴ്ത്തിയത് സ്പെയിന് ആത്മവിശ്വാസം പകരുന്നു.

മുന്നേറ്റനിരയിൽ അൽവാരോ മൊറാട്ടയും ജെറാർഡ് മൊറാനോയുമില്ലാത്തത് ടീമിനെ ബാധിക്കാതെ നോക്കാൻ ഫെറാൻ ടോറസിനായി. പൗളോ സറാബിയ, മൈക്കൽ ഒയർസബാൾ എന്നിവരടങ്ങുന്ന മുന്നേറ്റനിര സെമിയിൽ നന്നായി കളിച്ചു. നായകൻ സെർജി ബുസ്‌കെറ്റ്‌സ്, പതിനേഴുകാരൻ ഗാവി, കൊക്കെ എന്നിവർ കളിക്കുന്ന മധ്യനിരയും ശക്തം.

സാധ്യതാ ടീം: യുനായ് സിമൺ, ആസ്പിലി ക്യൂട്ട, പാവു ടോറസ്, അലോൻസോ, ഗാവി, ബുസ്‌കെറ്റ്‌സ്, കോക്കെ, സറാബിയ, ടോറസ്, ഒയർസബാൾ.