: 2011 ഡിസംബറിൽ ഓസ്‌ട്രേലിയയിലെ കാൻബറ വാർ മെമ്മോറിയൽ ഹാളിൽ നടന്ന ബ്രാഡ്മാൻ അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കുകയാണ് ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റർ രാഹുൽ ദ്രാവിഡ്. വ്യത്യസ്ത ദേശങ്ങളിൽനിന്ന് വരുന്ന ഇന്ത്യൻ ക്രിക്കറ്റർമാർ എങ്ങനെ ഭാഷയ്ക്കും ദേശത്തിനും അതീതമായി ഗ്രൗണ്ടിൽ ഒന്നായിത്തീരുന്നു എന്ന് വ്യക്തമാക്കാൻ ദ്രാവിഡ് ഒരു കഥ പറഞ്ഞു.

1992-ൽ മുംബൈയിൽ ന്യൂസീലൻഡ് അണ്ടർ-19 ടീമിനെതിരായ ഒരു മത്സരത്തിൽ, മലയാളം മാത്രമറിയുന്ന ഒരു ആലപ്പുഴക്കാരനും ഹിന്ദി മാത്രമറിയുന്ന ധർമേന്ദ്രയും ചേർന്ന് എട്ടാം വിക്കറ്റിൽ 101 റൺസടിച്ച്‌ ഇന്ത്യയെ ജയിപ്പിച്ച കളി. ആ കളിയിലെ നായകനാണ് വെള്ളിയാഴ്ച അന്തരിച്ച ഉംബ്രി സുരേഷ് എന്ന എം. സുരേഷ് കുമാർ. ആ ടീമിൽ ദ്രാവിഡുമുണ്ടായിരുന്നു.

ദ്രാവിഡും സുരേഷും തമ്മിലുള്ള ബന്ധം പിന്നെയും നിലനിന്നു. ദ്രാവിഡ് പടിപടിയായി ഉയർന്ന് ലോക ക്രിക്കറ്റിലെ മഹാരഥൻമാർക്കൊപ്പം ഇടംകണ്ടെത്തി. സുരേഷാകട്ടെ, നിർഭാഗ്യത്തിന്റെയും നിരാശയുടെയും ഇന്നിങ്‌സിനൊടുവിൽ ഇപ്പോൾ മരണത്തിന് കീഴടങ്ങിയിരിക്കുന്നു.

കേരളം കണ്ട മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്നു സുരേഷ്. ഒരുകാലത്ത് ഇന്ത്യൻ ടീം സാധ്യതാ പട്ടികയിലുമുണ്ടായിരുന്നു. 14 സീസണുകളിൽ രഞ്ജി ട്രോഫി ടൂർണമെൻറ് കളിച്ചു. പത്തുവർഷം കേരളത്തിനും നാലുവർഷം റെയിൽവേയ്ക്കും.

ആലപ്പുഴ പഴവീട് സ്വദേശിയായ സുരേഷിന് ജനിച്ചപ്പോൾ തൂക്കവും ആരോഗ്യവും വളരെ കുറവായിരുന്നു. സാധാരണയിലും ചെറിയ കുട്ടിയെ ‘ഉംബ്രി’ എന്ന് വിളിച്ചു. അത് നാട്ടിലും ക്രിക്കറ്റിലും അറിയപ്പെടുന്ന പേരായി മാറി.

ഇടംകൈ സ്പിന്നും ഇടംകൈ ബാറ്റിങ്ങും ചേർന്ന ഓൾറൗണ്ടർ അത്ര സാധാരണമായിരുന്നില്ല. അതുകൊണ്ടുതന്നെ ടീമുകളിൽനിന്ന് പെട്ടെന്ന് സ്ഥാനക്കയറ്റം കിട്ടിക്കൊണ്ടിരുന്നു. 14-ാം വയസ്സിൽ സുരേഷ് അണ്ടർ 15 കേരള ടീമിലെത്തി. അന്ന് കർണാടകത്തിനെതിരേ കളിക്കുമ്പോൾ രാഹുൽ ദ്രാവിഡ്, സുജിത് സോമസുന്ദർ എന്നിവർ എതിർ ടീമിലുണ്ട്. അന്ന് ദ്രാവിഡിന്റെ വിക്കറ്റ് എടുത്തത് ഉംബ്രിയായിരുന്നു. തുടർന്ന് ദക്ഷിണമേഖലാ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സൗഹൃദത്തിന്റെ തുടക്കം അവിടെനിന്നായിരുന്നു.

പതിനെട്ടാം വയസ്സിൽ കേരള രഞ്ജി ടീമിലെത്തി. 1991-92 സീസണിൽ തുടങ്ങി 96 വരെ കേരളത്തിനുവേണ്ടി കളിച്ച സുരേഷ് പിന്നീട് നാലുവർഷം റെയിൽവേ ടീമിലായിരുന്നു. അതിനിടെയാണ് ന്യൂസീലൻഡിനെതിരായ അണ്ടർ 19 ഇന്ത്യൻ ടീമിലെത്തിയത്.

2001 ദുലീപ് ട്രോഫി ക്രിക്കറ്റിൽ 24 വിക്കറ്റ് നേടി. അതുകഴിഞ്ഞ് ശ്രീലങ്ക എ ടീമിനെതിരായ ഒരു പരമ്പരയുണ്ടായിരുന്നു. ദുലീപ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ടീമിൽ ഉൾപ്പെടുമെന്ന് സുരേഷ് വിശ്വസിച്ചു. പക്ഷേ, സ്പിന്നറായി രാഹുൽ സാങ്‌വിയാണ് ടീമിലെത്തിയത്. അതിന്റെ തുടർച്ചയായി സാങ്‌വി ഇന്ത്യൻ ടീമിലുമെത്തി. അന്ന് ശ്രീലങ്കയ്ക്കെതിരേ അവസരം കിട്ടാതിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ദൗർഭാഗ്യമായി സുരേഷ് കരുതി. ‘അതൊരു സുവർണാവസരമായിരുന്നു. പിന്നീടൊരിക്കലും അതുപോലൊരു സാഹചര്യം വന്നില്ല.’ ഒരു അഭിമുഖത്തിനിടെ സുരേഷ് പറഞ്ഞു.

1992-ൽ റെയിൽവേയിൽ ക്ലർക്കായാണ്‌ ജോലിതുടങ്ങിയത്. 72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 1657 റൺസും 196 വിക്കറ്റും നേടി. 51 ലിസ്റ്റ് എ മത്സരങ്ങളിൽ 433 റൺസും 52 വിക്കറ്റുമുണ്ട്.