ന്യൂഡൽഹി: മുന്നിൽനിന്നു നയിച്ച നായകൻ സഞ്ജു സാംസണിന്റെയും (56*) സച്ചിൻ ബേബിയുടെയും (51*) മികവിൽ തകർപ്പൻ ജയത്തോടെ കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിന്റെ പ്രീക്വാർട്ടറിൽ കടന്നു. എലൈറ്റ് ഗ്രൂപ്പ് ഡി-യിലെ നിർണായക മത്സരത്തിൽ കരുത്തരായ മധ്യപ്രദേശിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു. നവംബർ 16-ന് നടക്കുന്ന പ്രീക്വാർട്ടറിൽ ഹിമാചൽപ്രദേശാണ് എതിരാളി.

സ്കോർ: മധ്യപ്രദേശ് 20 ഓവറിൽ അഞ്ചിന് 171. കേരളം 18 ഓവറിൽ രണ്ടിന് 172. നാലു സീസണുകൾക്കുശേഷമാണ് കേരളം നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്. സഞ്ജു 33 പന്തിലാണ് പുറത്താകാതെ 56 റൺസെടുത്തത്. സച്ചിൻ ബേബി 27 പന്തിൽ 51 റൺസിലെത്തി. ഓപ്പണർ രോഹൻ കുന്നുമ്മൽ 29 റൺസും മുഹമ്മദ് അസ്ഹറുദ്ദീൻ 21 റൺസും നേടി. ഓപ്പണിങ് വിക്കറ്റിൽ രോഹനും അസ്ഹറുദ്ദീനും 58 റൺസ് കൂട്ടിച്ചേർത്തു. സഞ്ജുവും സച്ചിനും മൂന്നുവീതം സിക്സറുകൾ പറത്തി.

മധ്യപ്രദേശിനായി രജത് പടിദാർ 77 റൺസെടുത്തു. വെങ്കിടേഷ് അയ്യർ (ഒന്ന്) നിരാശപ്പെടുത്തി. കേരളത്തിനായി എം.എസ്. അഖിൽ രണ്ടു വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പിൽ മധ്യപ്രദേശിനും കേരളത്തിനും 12 പോയന്റാണുള്ളത്. ഗുജറാത്തിന് 16 പോയന്റും. മൂന്നാം സ്ഥാനക്കാരായാണ് കേരളം മുന്നേറിയത്. ഗ്രൂപ്പിലെ അസം, ബിഹാർ ടീമുകളെ കേരളം തോൽപ്പിച്ചപ്പോൾ ഗുജറാത്ത്, റെയിൽവേസ് ടീമുകളോട് തോറ്റു. 2010-11 സീസണിൽ കേരളം ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു. 2012-13, 2015-16 സീസണുകളിൽ സൂപ്പർ ലീഗ് റൗണ്ടിലും കളിച്ചു.