ദുബായ്: കോവിഡ് മഹാമാരിക്കിടെ ലോകത്തുനടന്ന ഏറ്റവും വലിയ ക്രിക്കറ്റ് പോരാട്ടത്തിന് ചൊവ്വാഴ്ച പര്യവസാനം. അമ്പതുദിവസത്തിലേറെ നീണ്ട ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകീട്ട് 7.30 മുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശർമ നയിക്കുന്ന മുംബൈ നിലവിലെ ജേതാക്കളാണ്. നേരത്തേ നാലുവട്ടം കിരീടം നേടി. ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹിക്ക് ഇത് ആദ്യ ഫൈനൽ.

വമ്പോടെ മുംബൈ

2013, 15, 17, 19 വർഷങ്ങളിൽ ജേതാക്കളായ മുംബൈ, നാല് ഐ.പി.എൽ. കിരീടം നേടിയ ഒരേയൊരു ടീമാണ്. 2010-ൽ റണ്ണറപ്പാവുകയും ചെയ്തു. ടൂർണമെന്റ് ചരിത്രത്തിൽ ഇത്രയും സ്ഥിരതയോടെ കളിച്ച മറ്റൊരു ടീമില്ല.

ഇൗ സീസണിലും മുംബൈയുടെ പ്രകടനം ആധികാരികമായിരുന്നു. പ്രാഥമികഘട്ടത്തിൽ ഒമ്പതു കളികൾ ജയിച്ച് ഒന്നാംസ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. അവിടെ, ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് തകർത്ത് ഫൈനലിലേക്ക്.

ക്വിന്റൺ ഡി കോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, സൗരഭ് തിവാരി എന്നിവരടങ്ങിയ മുംബൈയുടെ ബാറ്റിങ് നിര അതിശക്തമാണ്. ഇതിൽ ഒന്നോ രണ്ടോ ആളുകൾ പരാജയമായാലും മറ്റുള്ളവർ ആ വിടവ് നികത്തുന്നു. ഈ സീസണിൽ കൂടുതൽ റൺ നേടിയ 10 ബാറ്റ്‌സ്‌മാൻമാരിൽ മുബൈയുടെ മൂന്നുപേരുണ്ട്.

ജസ്‌പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് എന്നിവർ നേതൃത്വം നൽകുന്ന ബൗളിങ് നിരയ്ക്കും താരതമ്യമില്ല. ക്രുണാൽ പാണ്ഡ്യ, രാഹുൽ ചഹാർ എന്നീ സ്പിന്നർമാരും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഈ പട്ടികയിൽ ചേരുന്നു.

കൂടുതൽ റൺസ്

താരം ഇന്നിങ്‌സ് റൺസ്

ഇഷാൻ കിഷൻ 12 483

ക്വിന്റൺ ഡി കോക്ക് 15 483

സൂര്യകുമാർ യാദവ് 14 461

കൂടുതൽ വിക്കറ്റ്

താരം ഇന്നിങ്‌സ് വിക്കറ്റ്

ജസ്‌പ്രീത് ബുംറ 14 27

ട്രെന്റ് ബോൾട്ട് 14 22

രാഹുൽ ചഹാർ 15 15

തിരിച്ചടിക്കാൻ ഡൽഹി

പ്ലേ ഓഫിൽ മുംബൈയോട് തോറ്റെങ്കിലും ഞായറാഴ്ച രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 17 റൺസിന് തോൽപ്പിച്ചാണ് ഡൽഹി ക്യാപിറ്റൽസ് ഫൈനലിന് യോഗ്യതനേടിയത്.

ഇതിനായി ടീമിൽ ചില മാറ്റങ്ങളും വരുത്തി. ഫോമിലല്ലാത്ത ഓപ്പണർ പൃഥ്വി ഷായെ മാറ്റി ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്‌നിസിനെ കൊണ്ടുവന്നത് വിജയമായി. സ്ഥാനക്കയറ്റം നൽകിയ ഷിംറോൺ ഹെറ്റ്‌മെയറും അവസരത്തിനൊത്ത് ഉയർന്നു. ഓപ്പണർ ശിഖർ ധവാൻ ഫോമിലായാൽ ടീം ഒന്നാകെ ഉണരും. ഫൈനലിലും ടീം ചില പരീക്ഷണങ്ങൾക്ക് മുതിരും. ഒന്നോ രണ്ടോ അസാമാന്യ ഇന്നിങ്‌സുകൾകൊണ്ടേ ഡൽഹിക്ക് ഫൈനലിൽ പിടിച്ചുനിൽക്കാനാകൂ.

കൂടുതൽ റൺസ്

ശിഖർ ധവാൻ 16 603

ശ്രേയസ് അയ്യർ 16 454

മാർകസ് സ്‌റ്റോയ്‌നിസ് 16 352

കൂടുതൽ വിക്കറ്റ്

കാഗിസോ റബാഡ 16 29

ആൻറിച്ച് നോർത്യെ 15 20

ആർ. അശ്വിൻ 14 13

മൂന്നുവട്ടവും മുംബൈ

ഇൗ സീസണിൽ മുംബൈയും ഡൽഹിയും നേർക്കുനേർ വരുന്നത് ഇത് നാലാംതവണയാണ്. പ്രാഥമിക ഘട്ടത്തിൽ രണ്ടുവട്ടവും പ്ലേ ഓഫിലും മുംബൈക്കായിരുന്നു ജയം. പ്രാഥമിക ഘട്ടത്തിൽ ആദ്യം അഞ്ചുവിക്കറ്റിനും പിന്നീട് ഒമ്പത് വിക്കറ്റിനും ജയിച്ചു. പ്ലേ ഓഫിൽ 57 റൺസ് ജയം.

വിക്കറ്റ് നേട്ടത്തിൽ മത്സരം

കൂടുതൽ വിക്കറ്റ് നേടുന്നവർക്കുള്ള പർപ്പിൾ ക്യാപിനുവേണ്ടിയുള്ള മത്സരം ഫൈനലിലും തുടരും. 16 ഇന്നിങ്‌സിൽ 29 വിക്കറ്റ് നേടിയ ഡൽഹിയുടെ കാഗിസോ റബാഡയാണ് ഇപ്പോൾ പട്ടികയിൽ മുന്നിൽ. മുംബൈയുടെ ജസ്‌പ്രീത് ബുംറ രണ്ടാമതും. 27 വിക്കറ്റ് നേടിയ ബുംറയ്ക്ക് റബാഡയെക്കാൾ രണ്ടു മത്സരം കുറവാണ്.

200 തികയ്ക്കാൻ രോഹിത്

ചൊവ്വഴ്ച ഫൈനൽ കളിച്ചാൽ രോഹിത് ശർമ ഐ.പി.എലിൽ 200 മത്സരം തികയ്ക്കും. എം.എസ്. ധോനിയാണ് (204) നേരത്തേ ആ നാഴികക്കല്ല് പിന്നിട്ട മറ്റൊരാൾ. പരിക്കുകാരണം രോഹിത് ഈ സീസണിൽ നാലു മത്സരങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു.