സിഡ്‌നി: ആശ്വാസത്തോടെ തുടങ്ങിയ ദിവസം അവസാനിക്കുമ്പോൾ ഇന്ത്യൻ ടീമിന് നിറയെ ആശങ്ക. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പ്രതിരോധത്തിൽ. ഒന്നാം ഇന്നിങ്‌സിൽ 244 റൺസിന് പുറത്തായ ഇന്ത്യ 94 റൺസ് ലീഡ് വഴങ്ങി. രണ്ടാം ഇന്നിങ്‌സിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 103 റൺസടിച്ച് ഓസ്‌ട്രേലിയ വിജയത്തിലേക്കുള്ള വഴി തുറന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ 197 റൺസ് മുന്നിലാണവർ. ഓസ്‌ട്രേലിയയുടെ പ്രധാന ബാറ്റ്‌സ്മാൻമാരായ മാർനസ് ലെബൂഷെയ്ൻ (47*), സ്റ്റീവൻ സ്മിത്ത് (29*) എന്നിവർ ബാറ്റിങ് തുടരുന്നതാണ് പ്രധാന ഭീഷണി. രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവർക്ക് ബാറ്റിങ്ങിനിടെ പരിക്കേറ്റത് മറ്റൊരു തലവേദന. ഇന്ത്യയുടെ മൂന്ന് ബാറ്റ്‌സ്മാൻമാർ റണ്ണൗട്ടായത് ദൗർഭാഗ്യമായി.
കൂട്ടത്തകർച്ച
രണ്ടിന് 96 എന്ന നിലയിൽ ശനിയാഴ്ച ബാറ്റിങ് തുടർന്ന ഇന്ത്യയുടെ അവസാന ആറു വിക്കറ്റുകൾ വീണത് 49 റൺസിനിടെയാണ്. 70 പന്തിൽ 22 റൺസുമായി അജിൻക്യ രഹാനെ ആദ്യം മടങ്ങി. 38 പന്തിൽ നാല് റൺസെടുത്ത ഹനുമ വിഹാരി ഇല്ലാത്ത റണ്ണിനായി ഓടി റൺഔട്ടായി.
ചേതേശ്വർ പുജാര (176 പന്തിൽ 50) ഗംഭീരമായി ചെറുത്തുനിന്നെങ്കിലും സ്കോറിങ് വളരെ മെല്ലെയായി. പുജാരയുടെ ഏറ്റവും വേഗം കുറഞ്ഞ (174 പന്തിൽ) അർധസെഞ്ചുറിയാണിത്. കമ്മിൻസിന്റെ 129 പന്തുകൾ നേരിട്ട പുജാര ഇതിൽ 19 റൺസാണെടുത്തത്. 119 പന്തുകളിൽ റൺ ഇല്ല! ഋഷഭ് പന്ത് പതിവുപോലെ സ്കോറിങ് വേഗം കൂട്ടിയെങ്കിലും കൈക്ക് പരിക്കേറ്റതോടെ താളം നഷ്ടപ്പെട്ടു. അധികം വൈകാതെ മടങ്ങി. പുജാര, ഋഷഭ് എന്നിവർ ആറു പന്തിന്റെ ഇടവേളയിൽ മടങ്ങിയത് ഇന്ത്യയ്ക്ക് ആഘാതമായി. ആർ. അശ്വിൻ (10), ബുംറ (0) എന്നിവരുടെ റൺഔട്ടിൽ രവീന്ദ്ര ജഡേജയും പങ്കാളിയായി. അവസാന വിക്കറ്റിൽ ജഡേജ (28*), മുഹമ്മദ് സിറാജ് (6) എന്നിവർ ചേർന്ന് 28 റൺസെടുത്തത് നേരിയ ആശ്വാസമായി.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ ഓപ്പണർമാരായ ഡേവിഡ് വാർണർ (13), വിൽ പുകോവ്‌സ്കി (10) എന്നിവരെ 10 ഓവറിനുള്ളിൽ മടക്കി ഇന്ത്യ വീണ്ടും കളിയിലേക്ക് തിരിച്ചെത്തിയിരുന്നു. പക്ഷേ, വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ ലെബൂഷെയ്ൻ-സ്മിത്ത് സഖ്യം 68 റൺസ് ചേർത്തതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി.