ന്യൂയോർക്ക്: അട്ടിമറി തുടരുന്ന കാനഡയുടെ കൗമാരതാരം ലെയ്‌ല ഫെർണാണ്ടസും രണ്ടാം സീഡ് അര്യാന സബലെങ്കയും യു.എസ്. ഓപ്പൺ ടെന്നീസ് വനിതാവിഭാഗത്തിൽ സെമിഫൈനലിൽ കടന്നു. പുരുഷവിഭാഗത്തിൽ രണ്ടാം സീഡ് ഡാനിൽ മെദ്‌വദേവും കാനഡയുടെ ഫെലിക്‌സ് അലിസിമെയും അവസാനനാലിൽ ഇടംപിടിച്ചു.

പ്രീക്വാർട്ടറിൽ ജർമനിയുടെ എയ്ഞ്ചലിക് കെർബറെ വീഴ്ത്തിയ 19-കാരി ലെയ്‌ല ക്വാർട്ടറിൽ അഞ്ചാം സീഡ് യുക്രൈന്റെ എലീന സ്വിറ്റോലിനയെ മറികടന്നു (6-3, 3-6, 7-6). കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച താരത്തിന് ഗ്രാൻസ്ലാം സെമിബർത്ത് ഇരട്ടിമധുരമായി.

ബലാറസിന്റെ അര്യാന സബലെങ്ക ചെക്ക് റിപ്പബ്ലിക്കിന്റെ എട്ടാം സീഡ് ബാർബോറ ക്രൈജിക്കോവയെ ക്വാർട്ടറിൽ കീഴടക്കി (6-4, 6-1). സെമിയിൽ ലെയ്‌ലയാണ് അര്യാനയുടെ എതിരാളി.

പുരുഷവിഭാഗത്തിൽ റഷ്യയുടെ മെദ്‌വദേവ് ഹോളണ്ടിന്റെ ബോട്ടിക് വാൻ ഡി സാൻഡ്ഷുൽപിനെ തോൽപ്പിച്ചു (6-3, 6-0, 4-6, 7-5). സ്പെയിനിന്റെ കൗമാരതാരം കാർലോസ് അൽകാരസ് മത്സരത്തിനിടെ പിന്മാറിയതോടെ കാനഡയുടെ ഫെലിക്‌സ് അലിസിമെ സെമിയിലെത്തി. എതിരാളി പിന്മാറുമ്പോൾ കാനഡ താരം 6-3, 3-1 എന്നനിലയിൽ മുന്നിലായിരുന്നു. സെമിയിൽ മെദ്‌വദേവാണ് എതിരാളി. പുരുഷ ഡബിൾസിൽ അമേരിക്കയുടെ ഇന്ത്യൻ വംശജനായ രാജീവ് റാമും ബ്രിട്ടന്റെ ജോ സാലിസ്ബറിയും സെമിയിൽ കടന്നു. ജർമനിയുടെ കെവിൻ ക്രൈവെയ്റ്റ്‌സ്‌ റുമാനിയയുടെ ഹോരിയ ടെകാവു സഖ്യത്തെ തോൽപ്പിച്ചു (6-2, 7-6).