പാരീസ്: സൗഹൃദ ഫുട്‌ബോൾ മത്സരങ്ങളിൽ ഫ്രാൻസിനും ഇറ്റലിക്കും വമ്പൻജയം. പോർച്ചുഗൽ-സ്പെയിൻ മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ ഹോളണ്ടിനെ മെക്സിക്കോ അട്ടിമറിച്ചു.

ലോകചാമ്പ്യൻമാരായ ഫ്രാൻസ് 7-1 ന് യുക്രൈനെ മുക്കി. ഒളിവർ ജിറൂഡ് ഇരട്ടഗോൾ നേടി. എഡ്വാർഡോ കാമവിംഗ, കോറെന്റിൻ ടോളിസോ, കൈലിയൻ എംബാപ്പെ, അന്റോയിൻ ഗ്രീസ്മാൻ എന്നിവരും സ്കോർ ചെയ്തു. വിറ്റാലി മൈക്കോലെങ്കോയുടെ സെൽഫ്‌ഗോളും ടീമിന് ലഭിച്ചു. വിറ്റാലി ഷൈഹാൻകോവ് യുക്രൈന്റെ ഗോൾ നേടി.

ഇരട്ടഗോൾ നേടിയതോടെ ജിറൂഡ് (42) ഫ്രാൻസിന് വേണ്ടി കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി. 51 ഗോൾ നേടിയ തിയറി ഓന്റിയാണ് ഒന്നാമത്.

തകർപ്പൻഫോമിൽ കളിക്കുന്ന ഇറ്റലി മോൾഡോവയെ തോൽപ്പിച്ചു (6-0). സ്റ്റെഫാൻ എൽ ഷാരാവി ഇരട്ടഗോൾ നേടി. ബ്രയാൻ ക്രിസ്റ്റന്റെ, ഫ്രാൻസെസ്കോ കപൂട്ടോ, ഡൊമെനിക്കോ ബെറാർഡി എന്നിവരും ഗോൾ നേടി. വെയാസെസ്ലാവ് പൊസ്‌മെക്കിന്റെ സെൽഫ് ഗോളും അക്കൗണ്ടിലുണ്ട്.

പോർച്ചുഗലും സ്പെയിനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും റെനാറ്റോ സാഞ്ചസിന്റെയും ഷോട്ടുകൾ പോസ്റ്റിൽ തട്ടിമടങ്ങിയത് പോർച്ചുഗലിന് തിരിച്ചടിയായി.

മെക്‌സിക്കൻ തിരമാല

കരുത്തരായ ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മെക്സിക്കോ വീഴ്ത്തിയത്. റൗൾ ജിമെനെസ് നിർണായക ഗോൾ നേടി. ജർമനിയെ തുർക്കി തളച്ചു (3-3). ജൂലിയൻ ഡ്രാസ്‌ലർ, ഫ്ളോറിൻ ന്യൂഹാസ്, ലൂക്ക വാൽഡ്ഷ്മിഡിറ്റ് എന്നിവർ ജർമനിക്കായി ഗോൾ നേടി. ഒസൻ തുഫൻ, എഫ്കാൻ കറാക്ക, കെനാൻ കറാമൻ എന്നിവർ തുർക്കിക്കായും സ്കോർ ചെയ്തു. മറ്റുമത്സരങ്ങളിൽ പോളണ്ട് ഫിൻലൻഡിനെയും (5-1) ക്രൊയേഷ്യ സ്വിറ്റ്‌സർലൻഡിനെയും (2-1) തോൽപ്പിച്ചു.