അബുദാബി: ഐ.പി.എലിൽ ബുധനാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തോൽവിയിൽ ബാറ്റ്‌സ്മാൻമാരെ പഴിച്ച് ചെന്നൈ സൂപ്പർകിങ്‌സ് ക്യാപ്റ്റൻ എം.എസ്. ധോനി. ബൗളർമാർ ആവേശപൂർവം തിരിച്ചടിച്ചെങ്കിലും ബാറ്റ്‌സ്മാൻമാർ എല്ലാം കളഞ്ഞുകുളിച്ചെന്ന് ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.

168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ, ഷെയ്ൻ വാട്‌സണിന്റെ (50) തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയിലൂടെ ആധിപത്യം സ്ഥാപിച്ചതാണ്. പിന്നീട് ബാറ്റ്സ്മാൻമാർ കൂട്ടത്തോടെ പുറത്തായതോടെ 20 ഓവറിൽ അഞ്ചിന് 157 റൺസിൽ ഒതുങ്ങി. ആറ് കളിയിൽ ചെന്നൈയുടെ നാലാം തോൽവി.

മധ്യ ഓവറുകളിൽ കളി കൈവിട്ടുപോയെന്ന് ധോനി പറഞ്ഞു. ബാറ്റ്‌സ്മാൻമാരുടെ മോശം സമീപനമാണ് കളിയുടെ ഗതി മാറ്റിയത്. തുടർച്ചയായി വീണ വിക്കറ്റുകളിൽനിന്ന് കരകയറാൻ ടീമിനായില്ലെന്നും ക്യാപ്റ്റൻ പരിതപിച്ചു. ധോനി 11 റൺസിന് പുറത്തായിരുന്നു. 51 പന്തിൽ 81 റൺസെടുത്ത കൊൽക്കത്ത ഓപ്പണർ രാഹുൽ ത്രിപാഠി കളിയിലെ താരമായി.