വലൻസിയ: 10000 മീറ്റർ പുരുഷവിഭാഗത്തിൽ യുഗാൺഡയുടെ ജോഷ്വ ചെപ്‌റ്റോഗിയും 5000 മീറ്റർ വനിതാവിഭാഗത്തിൽ ഏത്യോപ്യയുടെ ലെറ്റൻസെൻബെറ്റ് ഗിഡിയും പുതിയ ലോക റെക്കോഡ് സ്ഥാപിച്ചു. സ്പാനിഷ് നഗരമായ വലൻസിയയിൽ നടന്ന അത്‌ലറ്റിക് മീറ്റിലാണ് ഇരുവരും നാഴികക്കല്ലുകൾ പിന്നിട്ടത്.
കെനൻസിയ ബെക്കലെ 15 വർഷം മുമ്പ് സ്ഥാപിച്ച റെക്കോഡാണ് 24-കാരനായ ചെപ്‌റ്റേഗി ആറ് സെക്കൻഡോളം വ്യത്യാസത്തിൽ മറികടന്നത്. 26 മിനിറ്റ് 11.00 സെക്കൻഡാണ് പുതിയ സമയം.
22-കാരിയായ ഗിഡി 14 മിനിറ്റ് 6.62 സെക്കൻഡിൽ ടേപ്പ് തൊട്ടു. 2008 ൽ തിരുണേഷ് ഡിബാബ സ്ഥാപിച്ച (14 മിനിറ്റ് 11.15 സെക്കൻഡ്) റെക്കോഡാണ് മറികടന്നത്.
10 മാസത്തിനിടെ ചെപ്‌റ്റോഗിയുടെ നാലാം ലോകറെക്കോഡാണിത്. നേരത്തേ 10 കിലോമീറ്ററിലും അഞ്ച് കിലോമീറ്ററിലും 5000 മീറ്ററിലും അദ്ദേഹം റെക്കോഡിട്ടിരുന്നു. 5000 മീറ്ററിൽ 16 വർഷംമുമ്പ് ബെക്കലെ സ്ഥാപിച്ച റെക്കോഡാണ് ഓഗസ്റ്റിൽ തകർന്നുവീണത്.