ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയ്ക്ക് നഷ്ടമാവും. കോലിയുടെ ഭാര്യ അനുഷ്ക ശർമ ജനുവരി ആദ്യം കുഞ്ഞിന് ജന്മം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിന് ശേഷം കോലി പറ്റേണിറ്റി ലീവ് എടുക്കുമെന്ന് ബി.സി.സി.ഐ. സൂചന നൽകി. അഡ്‌ലെയ്ഡ് (ഡിസംബർ 17-21), മെൽബൺ (ഡിസംബർ 26-30), സിഡ്‌നി (ജനുവരി 7-11), ബ്രിസ്‌ബേൻ (ജനുവരി (15-19) എന്നിവിടങ്ങളിലാണ് ടെസ്റ്റുകൾ.

കമന്റേറ്ററായി മഞ്ജരേക്കർ തിരിച്ചെത്തുന്നു

ന്യൂഡൽഹി: കമന്ററി ബോക്സിലേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയ്ക്കുള്ള കമന്ററി പാനലിൽ തന്നെ ഉൾപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. സോണി പിക്‌ചേഴ്‌സ് നെറ്റ് വർക്കാണ് ഇന്ത്യയിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.

2019 ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയെ പരിഹസിച്ചതിനെത്തുടർന്ന് ഐ.പി.എൽ. കമന്ററി പാനലിൽ നിന്ന് മഞ്ജരേക്കറെ ബി.സി.സി.ഐ. ഒഴിവാക്കിയിരുന്നു. സഹ കമന്റേറ്ററായ ഹർഷ ഭോഗ്ലെക്കെതിരായ പരാമർശവും വിവാദമായി.

ആദ്യ ട്വന്റി 20 പാകിസ്താന്

റാവൽപിണ്ടി: സിംബാബ്‌വേക്കെതിരായ ഒന്നാം ട്വന്റി 20 ക്രിക്കറ്റിൽ പാകിസ്താന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത സിംബാബ്‌വേ 20 ഓവറിൽ ആറു വിക്കറ്റിന് 156 റൺസെടുത്തു. ഏഴ് പന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ ലക്ഷ്യം മറികടന്നു. 55 പന്തിൽ 82 റൺസെടുത്ത ക്യാപ്റ്റൻ ബാബർ അസം ആണ് പാക് വിജയം എളുപ്പമാക്കിയത്.

വിറ്റ ബോൾട്ട് ഡൽഹിയെ തിരിച്ചടിച്ചപ്പോൾ

ദുബായ്: ന്യൂസീലൻഡുകാരനായ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടിനെ കഴിഞ്ഞ ലേലത്തിൽ മുംബൈ ഇന്ത്യൻസിന് വിറ്റ ഡൽഹി ക്യാപിറ്റൽസിന്റെ നടപടിയിൽ അദ്ഭുതം പ്രകടിപ്പിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡി. ഇത്തവണ മുംബൈ ബൗളിങ്ങിന്റെ കുന്തമുനയാവാൻ ബോൾട്ടിന് കഴിഞ്ഞു. ഒന്നാം ക്വാളിഫയറിൽ ആദ്യ ഓവറിൽ തന്നെ രണ്ട് ഡൽഹി ബാറ്റ്‌സ്മാൻമാരെ ബോൾട്ട് പുറത്താക്കിയിരുന്നു. തങ്ങൾ കാണിച്ചത് മണ്ടത്തരമാണെന്ന് ഡൽഹിയ്ക്ക് തോന്നിയിരിക്കണമെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ പരിശീലകൻ കൂടിയായ മൂഡി പറഞ്ഞു. 2018-ൽ ഡൽഹിക്ക് വേണ്ടി ബോൾട്ട് 14 കളിയിൽ 18 വിക്കറ്റ് വീഴ്ത്തി. എന്നാൽ, കഴിഞ്ഞസീസണിൽ അധികം അവസരം നൽകാതിരുന്നശേഷം, ബോൾട്ടിനെ വിൽക്കുകയായിരുന്നു. ഈ സീസണിൽ ബോൾട്ട് 22 വിക്കറ്റ് എടുത്തുകഴിഞ്ഞു.