: റഫറി വില്‍സണ്‍ സേ ജോസഫ് സേയ്ക്ക് തെറ്റുപറ്റിയതാണോ? അതോ ആ തീരുമാനം ശരിയായിരുന്നോ. കൃത്യമായ ഉത്തരമില്ല. പക്ഷേ, ആ റഫറിയുടെ ഒരു തീരുമാനത്തിന് കൊടുക്കേണ്ടി വന്ന വില 126 മനുഷ്യജീവനുകളാണ്.

ഘാനയിലെ അക്ര സ്പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ലോകത്തെ നടുക്കിയ ആ ദുരന്തത്തിന് ഞായറാഴ്ച 20 വയസ്സ്.

2001 മേയ് ഒമ്പതിന് ഘാനയിലെ അക്ര ഒഹീനെ ജാന്‍ സ്റ്റേഡിയത്തില്‍ നടന്ന അക്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ടാണ് 126 ഫുട്‌ബോള്‍ ആരാധകര്‍ മരിച്ചത്. സംഘാടകരുടെയും ഒഫീഷ്യല്‍സിന്റെയും പോലീസിന്റെയും കെടുകാര്യസ്ഥതയുടെ രക്തസാക്ഷികള്‍. നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഘാന പ്രീമിയര്‍ ലീഗില്‍ അക്ര ഹാര്‍ട്‌സ് ഓഫ് ഓക് ക്ലബ്ബും അസന്റെ കൊട്ടോക്കോ ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിലാണ് ദുരന്തം. ഇരുവരും ചിരവൈരികള്‍. അക്രമമുണ്ടാവുമെന്ന സൂചനയുള്ളതിനാല്‍ അധികൃതര്‍ മുന്നൊരുക്കം നടത്തിയിരുന്നു. അസന്റെ 60-ാം മിനിറ്റില്‍ ഒരു ഗോളിന് മുന്നിലെത്തി. അക്ര ഹാര്‍ട്‌സ് 77, 81 മിനിറ്റുകളില്‍ രണ്ട് ഗോളടിച്ച് തിരിച്ചുവന്നു. ഇതോടെ ഗാലറിയില്‍ അക്രമം തുടങ്ങി. അക്ര താരം ഇസ്മയില്‍ അഡോ നേടിയ രണ്ടാം ഗോള്‍ ഓഫ് സൈഡാണെന്നായിരുന്നു അസന്റെ ആരാധകരുടെ വാദം. അഡോ ഓഫ് സൈഡാണെന്ന് അസിസ്റ്റന്റ് റഫറി കൊടിയുയര്‍ത്തിയിട്ടും റഫറി വില്‍സണ്‍ സേ അവഗണിച്ചെന്ന് അവര്‍ ആരോപിച്ചു. അസന്റെ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കസേരകളും കുപ്പികളും വലിച്ചെറിയാന്‍ തുടങ്ങി. ഇതോടെ പോലീസിറങ്ങി. കണ്ണീര്‍വാതകം പ്രയോഗിച്ചു, പിന്നാലെ പ്ലാസ്റ്റിക് ബുള്ളറ്റ് ഉപയോഗിച്ച് വെടിവെപ്പും. ആരാധകര്‍ ചിതറി. ഗ്രൗണ്ടിലേക്കുള്ള പ്രവേശനകവാടങ്ങൾ കുപ്പിക്കഴുത്ത് പോലുള്ളതായിരുന്നു‍. അതില്‍ പലതും അടച്ചിട്ടിരുന്നു. രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ ആരാധകര്‍ മരണക്കെണിയില്‍ കുടുങ്ങി. തിക്കിലും തിരക്കിലും പെട്ടും, കണ്ണീര്‍വാതകത്തില്‍ ശ്വാസം മുട്ടിയും മരിച്ചുവീണു. മരിച്ചെന്ന് കരുതി സംസ്കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഒരാരാധകന് ജീവനുണ്ടെന്ന് കണ്ടെത്തി. ജീവനോടെ കുഴിച്ചുമൂടുന്നതില്‍നിന്ന് അദ്ദേഹം രക്ഷപ്പെട്ടു.

പോലീസുകാരുടെമേല്‍ കൊലക്കുറ്റം ചുമത്തിയെങ്കിലും അത് തെളിയിക്കാനായില്ല. പില്‍ക്കാലത്ത് ഫിഫയുടെ മാനദണ്ഡപ്രകാരം സ്റ്റേഡിയം നവീകരിച്ചു. തന്റെ റഫറിയിങ്ങില്‍ തെറ്റില്ലെന്നും കുറ്റബോധമില്ലെന്നും പിന്നീട് വില്‍സണ്‍ സേ പറഞ്ഞു.