ലണ്ടൻ: യൂറോപ്യൻ സൂപ്പർ ലീഗിനെചൊല്ലി ഫുട്‌ബോളിൽ വീണ്ടും യുദ്ധം മുറുകുന്നു. യുവേഫയുടെ ശിക്ഷാ നടപടികൾക്കെതിരേ സ്പാനിഷ് ക്ലബ്ബുകളായ റയൽ മഡ്രിഡ്, ബാഴ്‌സലോണ, ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് എന്നിവ രംഗത്തെത്തി. ലീഗിൽ ഉറച്ചുനിൽക്കുമെന്ന സൂചനയാണ് ക്ലബ്ബുകൾ നൽകുന്നത്. അതേസമയം, വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്ന് യുവേഫയും മുന്നറിയിപ്പ് നൽകി.

റയലും ബാഴ്‌സയും യുവന്റസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് യുവേഫ തങ്ങൾക്കെതിരേ ഭീഷണി മുഴക്കുന്നതായും ലീഗിൽനിന്ന് പുറത്തുവരാൻ അസ്വീകാര്യമായ നടപടികൾ സ്വീകരിക്കുന്നതായും ആരോപിച്ചത്. ചാമ്പ്യൻസ് ലീഗിൽ നിന്നടക്കം വിലക്ക് നേരിടേണ്ടി വരുമെന്നാണ് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫറിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അതേസമയം, ഇംഗ്ലീഷ് ലീഗിലെ ആറു ക്ലബ്ബുകൾ അടക്കം സൂപ്പർലീഗിൽനിന്ന് പിൻമാറിയ ഒമ്പത് ക്ലബ്ബുകൾ യുവേഫയുമായി ധാരണയിലെത്തി. ഇതുപ്രകാരം ചെറിയ പിഴശിക്ഷയോടെ ഇവരുമായുള്ള തർക്കം യുവേഫ പരിഹരിച്ചു. ഒമ്പത് ക്ലബ്ബുകളും ചേർന്ന് യൂറോപ്പിലെ ഗ്രാസ്‌റൂട്ട് ഫുട്‌ബോൾ വികസനപദ്ധതിയിലേക്ക് 154 കോടി രൂപ നൽകണം. ഇതിന് പുറമേ 2023-’24 സീസണിൽ യൂറോപ്യൻ മത്സരങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് ശതമാനം പിഴയായി ഈടാക്കും. പിഴയായി നൽകേണ്ടി വരുന്ന തുക ഉടമകൾ വഹിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സനൽ, ടോട്ടനം ക്ലബ്ബുകൾ വ്യക്തമാക്കി. ആരാധകരുടെ രോഷം തണുപ്പിക്കുന്നതിന്റെ കൂടി ഭാഗമാണിത്.

കഴിഞ്ഞ മാസമാണ് യൂറോപ്പിലെ 12 ക്ലബ്ബുകൾ ചേർന്ന് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. എന്നാൽ, ആരാധക രോഷവും ഫിഫ, യുവേഫ എന്നിവയുടെ എതിർപ്പും ശക്തമായതോടെ പ്രീമിയർ ലീഗിലെ ആറും രണ്ട് ഇറ്റാലിയൻ ക്ലബ്ബുകളും ഒരു സ്പാനിഷ് ക്ലബ്ബും ലീഗിൽനിന്ന് പിൻമാറി. ബാഴ്‌സ, റയൽ, യുവന്റസ് ക്ലബ്ബുകളാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.