ലണ്ടൻ: എട്ടുവർഷം മുമ്പത്തെ ട്വീറ്റ് വിവാദമായതിനെത്തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒലി റോബിൻസൺ സസ്പെൻഡ് ചെയ്യപ്പെട്ടതിനുപിന്നാലെ, മറ്റൊരു ഇംഗ്ലീഷ് താരവും കുരുക്കിൽ. ദേശീയ ടീമംഗമായ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ല. 16 വയസ്സുകാരനായിരിക്കേ, ഏഷ്യക്കാരെ വംശീയമായി ഇകഴ്ത്തുന്ന ട്വീറ്റ് ചെയ്തു എന്നാണ് പരാതി.

വംശീയവിരുദ്ധതയും ലൈംഗിക സമത്വത്തിനെതിരായതുമായ ആശയങ്ങൾ ട്വീറ്റ് ചെയ്തതിനാണ് കഴിഞ്ഞദിവസം ഒലി റോബിൻസണെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് സസ്പെൻഡ് ചെയ്തത്. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ മറ്റൊരാളുടെയും ട്വീറ്റ് പുറത്തുവന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.