മ്യൂണിക്‌: നൂറാം മത്സരത്തിനിറങ്ങിയ നായകൻ മാനുവൽ നൂയർക്ക് സഹതാരങ്ങൾ സമ്മാനിച്ചത് വിജയമധുരം. യൂറോകപ്പിനൊരുങ്ങുന്ന ജർമൻ ടീം സന്നാഹമത്സരത്തിൽ ലാത്വിയയെ 7-1ന് തകർത്തപ്പോൾ മത്സരങ്ങളിൽ ശതകം തികച്ച ഗോൾകീപ്പർ കൂടിയായ നൂയർക്ക് അത് അവിസ്മരണീയമായി.

റോബിൻ ഗോസെൻസ്, ഇൽകേ ഗുണ്ടോഗൻ, തോമസ് മുള്ളർ, സെർജി നാബ്രി, തിമോ വെർണർ, ലിറോയ് സാനെ എന്നിവർക്കൊപ്പം റോബർട്ട്‌സ് ഒസോൾസിന്റെ സെൽഫ് ഗോളും ജർമനിക്ക് ലഭിച്ചു. അലെക്സെ സേവ്‌ലെവ്‌സ് ലാത്വിയയുടെ ആശ്വാസഗോൾ നേടി. ഇതോടെ ജർമനിയുടെ സന്നാഹമത്സരങ്ങൾ പൂർത്തിയായി.

2014ൽ ഫിഫ ലോകകപ്പ് നേടിയ ജർമൻ ടീമംഗമാണ് നൂയർ. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും അദ്ദേഹത്തിനായിരുന്നു. ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക് താരമായ നൂയർ ക്ലബ്ബിനൊപ്പം 25 കിരീടങ്ങൾ നേടിയിട്ടുണ്ട്. അതിൽ രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒമ്പത് ബുണ്ടസ് ലിഗ കിരീടങ്ങളും ഉൾപ്പെടുന്നു.