സാവോപൗലോ: ഫുട്‌ബോൾ ഇതിഹാസം പെലെയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 80-കാരനായ ബ്രസീൽ താരത്തിന്റെ വൻകുടലിൽ ട്യൂമർ കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്.

സൗവോപൗലോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലുള്ള പെലെ സുഖംപ്രാപിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കംചെയ്തകാര്യം സാമൂഹികമാധ്യമത്തിലൂടെ പെലെ തന്നെയാണ് പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച പതിവ് ആരോഗ്യപരിശോധനയ്ക്കിടെയാണ് വൻകുടലിൽ ട്യൂമർ കണ്ടെത്തിയത്. തുടർന്നാണ് കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയത്.

ബ്രസീലിനായി മൂന്ന് ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായ പെലെ രാജ്യത്തിനായി 92 കളിയിൽ 77 ഗോൾ നേടി. സാന്റോസ്, ന്യൂയോർക്ക് കോസ്‌മോസ് ക്ലബ്ബുകൾക്കും കളിച്ചിട്ടുണ്ട്.