ന്യൂയോർക്ക്: ആദ്യസെറ്റ് നഷ്ടപ്പെട്ടെങ്കിലും പൊരുതിക്കയറിയ ലോക ഒന്നാംനമ്പർ താരം നൊവാക് ജോക്കോവിച്ച് യു.എസ്. ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. വനിതകളിൽ ബ്രിട്ടന്റെ കൗമാരതാരം എമ്മ റാഡകാനുവും ഒളിമ്പിക് ജേതാവ് കാനഡയുടെ ബെലിൻഡ ബെൻസിച്ചും അവസാന എട്ടിൽ ഇടംപിടിച്ചു.

സെർബിയൻ താരം ജോക്കോവിച്ച് അമേരിക്കയുടെ ജെൻസൻ ബ്രൂക്‌സ്‌ബെയെ കീഴടക്കി (1-6, 6-3, 6-2, 6-2). ആദ്യസെറ്റിൽ പൊരുതാൻപോലും കഴിയാതിരുന്ന ജോക്കോ വൻ തിരിച്ചുവരവാണ് നടത്തിയത്. നാലാം സീഡ് ജർമനിയുടെ അലക്‌സാണ്ടർ സവറേവ് 13-ാം സീഡ് ഇറ്റലിയുടെ യാനിക്ക് സിന്നറെ തോൽപ്പിച്ച് ക്വാർട്ടറിലെത്തി (6-4, 6-4, 7-6).

ആറാം സീഡുകാരനായ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനി ജർമനിയുടെ ഓസ്‌കർ ഓട്ടെയെയും (6-4, 3-6, 6-3, 6-2) ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസ് അമേരിക്കയുടെ റെയ്‌ലി ഒപെൽകയെയും (6-7, 6-4, 6-1, 6-3) കീഴടക്കി ക്വാർട്ടർ ബർത്തുറപ്പിച്ചു.

വനിതകളിയിൽ എമ്മ റാഡകാനെ അമേരിക്കയുടെ ഷെൽബി റോജേഴ്‌സിനെ തോൽപ്പിച്ചാണ് ക്വാർട്ടറിൽ കടന്നത് (6-2, 6-1). 18-കാരിയുടെ തുടർച്ചയായ 11-ാം ജയമാണിത്. ബെലിൻഡ ബെൻസിച്ച് ഏഴാം സീഡ് പോളണ്ടിന്റെ ഇഗ സ്വിയേറ്റിക്കിനെ പ്രീക്വാർട്ടറിൽ മറികടന്നു (7-6, 6-3). ഗ്രീസിന്റെ മരിയ സാക്കരി ആറാം സീഡ് കാനഡയുടെ ബിയാങ്ക അന്ദ്രെസ്‌ക്യൂവിനെ അട്ടിമറിച്ചു (6-7, 7-6, 6-3).

ബൊപ്പണ്ണ സഖ്യം പുറത്ത്

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗും ചേർന്ന സഖ്യം പ്രീക്വാർട്ടറിൽ പുറത്തായി. അമേരിക്കയുടെ ഇന്ത്യൻ വംശജനായ രാജീവ് റാമും ബ്രിട്ടന്റെ ജോ സാലിസ്ബറിയും ചേർന്ന സഖ്യമാണ് തോൽപ്പിച്ചത് (6-7, 6-4, 7-6).