ലണ്ടൻ: യൂറോപ്യൻ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും ചെലവേറിയ ടീമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റി. ആസ്റ്റൺ വില്ലയിൽനിന്ന് 1011 കോടി രൂപയ്ക്ക് ജാക് ഗ്രീലിഷിനെക്കൂടി കൊണ്ടുവന്നതോടെ സിറ്റിയുടെ സ്ക്വാഡ് തുക കുത്തനെ ഉയർന്നു.

ഇന്റർനാഷണൽ സെന്റർ ഫോർ സ്പോർട്‌സ് സ്റ്റഡീസാണ് ചെലവേറിയ ക്ലബ്ബുകളെ കണ്ടെത്തിയത്. കളിക്കാർക്കായി മുടക്കിയ ട്രാൻസ്ഫർ തുകയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ലയണൽ മെസ്സിയും സെർജിയോ റാമോസും കളിക്കുന്ന ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. മൂന്നാമതാണ്. മെസ്സി അടക്കമുള്ള താരങ്ങളെ ട്രാൻസ്ഫർ തുക നൽകാതെ (ഫ്രീ ഏജന്റായി) എത്തിച്ചതാണ് ഇതിനുകാരണം.

സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് നാലാമതും ബാഴ്‌സലോണ ഏഴാമതുമാണ്. ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന് ആദ്യപത്തിൽ ഇടമില്ല. ആറു ക്ലബ്ബുകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽനിന്നാണ്.

ക്ലബ്ബ് തുക

1 മാഞ്ചെസ്റ്റർ സിറ്റി 9376

2) മാഞ്ചെസ്റ്റർ യുണൈറ്റഡ് 8880

3) പി.എസ്.ജി. 8300

4) റയൽ മഡ്രിഡ് 6833

5) ചെൽസി 6772

6) ലിവർപൂൾ 5830

7) യുവന്റസ് 5699

8) ബാഴ്‌സലോണ 5577

9) ആഴ്‌സനൽ 5482

10) ടോട്ടനം 4775

* തുക കോടി രൂപയിൽ