സിഡ്‌നി: അരങ്ങേറ്റക്കാരൻ വിൽ പുകോവ്‌സ്‌കിക്കും മാർനസ് ലെബൂഷെയ്‌നും അർധസെഞ്ചുറി, പരമ്പരയിൽ ആദ്യമായി സ്റ്റീവൻ സ്മിത്ത് ഫോമിലേക്ക്, രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 100 റൺസ്...ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ ഹാപ്പി!. മഴമൂലം ഏറെനേരം കളിമുടങ്ങിയ ആദ്യദിനം ഓസ്‌ട്രേലിയ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഓപ്പണർ വിൽ പുകോവ്‌സ്‌കി (62), ഡേവിഡ് വാർണർ (5) എന്നിവർ മടങ്ങിയപ്പോൾ മാർനസ് ലെബൂഷെയ്ൻ (67*), സ്റ്റീവൻ സ്മിത്ത് (31*) എന്നിവർ ബാറ്റിങ് തുടരുന്നു. ഇന്ത്യയുടെ മുഹമ്മദ് സിറാജും ആദ്യ ടെസ്റ്റിനിറങ്ങിയ നവ്ദീപ് സെയ്‌നിയും ഓരോ വിക്കറ്റ് നേടി.
രാവിലെ എട്ടാം ഓവർ തുടങ്ങിയപ്പോൾ മഴ വന്നു. പിന്നീട് മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് കളി പുനരാരംഭിച്ചത്. ആദ്യദിനം 55 ഓവറേ ബൗൾ ചെയ്തുള്ളൂ. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു.
കൈവിട്ട് പന്ത്...
നേരിട്ട എട്ടാം പന്തിൽ ഡേവിഡ് വാർണറെ മുഹമ്മദ് സിറാജ് മടക്കി. ഒന്നാം സ്ലിപ്പിൽ ചേതേശ്വർ പുജാര ക്യാച്ചെടുത്തു. തുടക്കത്തിൽ റൺസ് വിട്ടുനൽകാൻ വിസമ്മതിച്ച് ബുംറ-സിറാജ് സഖ്യം നന്നായി സമ്മർദം ചെലുത്തി. 14-ാം ഓവറിൽ അശ്വിൻ ബൗൾ ചെയ്യാനെത്തി. എന്നാൽ, രണ്ട് ക്യാച്ച് നഷ്ടങ്ങൾ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 26, 32 റൺസുകളിൽ നിൽക്കേ പുകോവ്‌സ്‌കിക്ക് രണ്ട് ലൈഫ് കിട്ടി. രണ്ടുവട്ടവും കീപ്പർ ഋഷഭ് പന്താണ് ക്യാച്ച് നഷ്ടപ്പെടുത്തിയത്. 39-ൽ നിൽക്കേ അദ്ദേഹം ഒരു റണ്ണൗട്ടിൽനിന്നും രക്ഷപ്പെട്ടു.
പതിയെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർ ആക്രമണത്തിലേക്ക് തിരിഞ്ഞു. 140 പന്തിൽനിന്നാണ് ടീം ആദ്യ 50 റൺസ് നേടിയതെങ്കിൽ അടുത്ത 50 റൺസെടുത്തത് 58 പന്തിൽനിന്ന്. 110 പന്തിൽ നാല് ബൗണ്ടറിയടക്കം 62 റൺസെടുത്ത പുകോവ്‌സ്‌കിയെ സെയ്‌നി എൽബിയിലൂടെ പുറത്താക്കി. പുകോവ്‌സ്‌കി-ലെബൂഷെയ്ൻ സഖ്യം രണ്ടാം വിക്കറ്റിൽ 100 റൺസ് ചേർത്തു.
ആദ്യ രണ്ടു ടെസ്റ്റുകളിലും നിറംമങ്ങിയ സ്റ്റീവൻ സ്മിത്ത് ഇക്കുറി നേരിട്ട എട്ടാം പന്തിൽ ബുംറയുടെ പന്തിൽ ബൗണ്ടറി കണ്ടെത്തി. ഈ പരമ്പരയിൽ സ്മിത്തിന്റെ ആദ്യ ബൗണ്ടറി!.
വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ ലെബൂഷെയ്ൻ-സ്മിത്ത് സഖ്യം 60 റൺസ് ചേർത്തുകഴിഞ്ഞു. ലെബൂഷെയ്ൻ എട്ടും സ്മിത്ത് അഞ്ചും ബൗണ്ടറി നേടി.
സ്‌കോർബോർഡ്:
ഓസ്‌ട്രേലിയ: പുകോവ്‌സ്‌കി എൽബി സെയ്‌നി 62, വാർണർ സി പുജാര ബി സിറാജ് 5, ലെബൂഷെയ്ൻ 67*, സ്മിത്ത് 31*, എക്‌സ്ട്രാസ് 1. ആകെ 55 ഓവറിൽ രണ്ടിന് 166.
വിക്കറ്റ് വീഴ്ച: 1-6, 2-106
ബൗളിങ്: ബുംറ 14-3-30-0, സിറാജ് 14-3-46-1, അശ്വിൻ 17-1-56-0, സെയ്‌നി 7-0-32-1, ജഡേജ 3-2-2-0.