കോഴിക്കോട്: ദേശീയ വനിതാ ഫുട്ബോളിൽ വീണ്ടും മണിപ്പൂർ-റെയിൽവേസ് ഫൈനൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്കുനീണ്ട സെമിഫൈനൽ പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂർ ഒഡിഷയെയും റെയിൽവേസ് മിസോറമിനെയുമാണ് കീഴടക്കിയത്. ഇരുമത്സരങ്ങളും 1-1ന് സമനിലയിൽ കലാശിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. വ്യാഴാഴ്ചയാണ് കിരീടപ്പോരാട്ടം.

റെയിൽവേസിനെതിരേ ഒരു ഗോളിന് പിന്നിലായിരുന്ന മിസോറം അവസാനമിനിറ്റിൽ തിരിച്ചടിച്ചതോടെയാണ് കളി അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്. 34-ാം മിനിറ്റിൽ സംഗീതാദാസിന്റെ ഗോളിൽ റെയിൽവേസ് ലീഡ് നേടി. ഇഞ്ചുറി സമയത്താണ് ലാൽനുൻ സിമായി മിസോറമിനായി ഗോൾ മടക്കിയത്. അധികസമയത്ത് ഇരുടീമുകൾക്കും സ്കോർ ചെയ്യാനായില്ല. ഷൂട്ടൗട്ടിലും ഇരുടീമുകളും 4-4 സ്കോറിൽ സമനിലപാലിച്ചു. സഡൺഡെത്തിൽ മിസോറമിന്റെ രണ്ടാമത്തെ കിക്ക് പിഴച്ചതോടെ റെയിൽവേസ് 6-5ന് വിജയംപിടിച്ചു.

ഒഡിഷയ്ക്കെതിരേ 11-ാം മിനിറ്റിൽ പാക്പി ദേവി വഴങ്ങിയ സെൽഫ് ഗോളിൽ മണിപ്പൂർ പിന്നിലായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് കിരൺബാല ചാനുവിന്റെ ഗോളിൽ ചാന്പ്യന്മാർ സമനിലകണ്ടെത്തി. രണ്ടാം പകുതിയിലും പിന്നീട് അധികസമയത്തും ഇരുടീമുകൾക്കും ലക്ഷ്യംകാണാനായില്ല. ഷൂട്ടൗട്ടിൽ മണിപ്പൂരിന്റെ ആദ്യ മൂന്നു കിക്കുകളും ഗോളായപ്പോൾ ഒഡിഷയുടെ മൂന്നും പിഴച്ചു.