തിരുവനന്തപുരം: വിജയ്ഹസാരെ ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ, തമിഴ്‌നാട്, ബറോഡ, ബംഗാള്‍, കര്‍ണാടക, പോണ്ടിച്ചേരി ടീമുകള്‍ ഉള്‍പ്പെട്ട ബി ഗ്രൂപ്പിന്റെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ആദ്യദിനം തമിഴ്‌നാട് മുംബൈയെയും ബറോഡ ബംഗാളിനെയും കര്‍ണാടക പോണ്ടിച്ചേരിയെയും നേരിടും.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്, കേരള ക്രിക്കറ്റ് അസോസിയേഷന്റെ മംഗലപുരം സ്റ്റേഡിയം, തുമ്പ സെയ്‌ന്റ് സേവ്യേഴ്‌സ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.

കേരളത്തിന്റെ മത്സരങ്ങള്‍ രാജ്‌കോട്ടിലാണ്. ബുധനാഴ്ച ആദ്യമത്സരത്തില്‍ കേരളം ചണ്ഡീഗഢിനെ നേരിടും.

കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മത്സരങ്ങള്‍ നടത്തുക. അതുകൊണ്ടുതന്നെ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക്‌ പ്രവേശനം ഉണ്ടായിരിക്കില്ല. ജനുവരി 13-ന് രഞ്ജി ട്രോഫി മത്സരങ്ങളും തിരുവനന്തപുരത്ത് ആരംഭിക്കും.