ലണ്ടൻ: യൂറോപ്പ ലീഗ് ഫുട്‌ബോളിൽ വോൾവ്‌സ്, സെവിയ, ബയേർ ലേവർക്യൂസൻ, ബാസൽ ടീമുകൾ ക്വാർട്ടറിൽ കടന്നു.

ഇംഗ്ലീഷ് ക്ലബ്ബ് വോൾവ്‌സ് ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസിനെ ഇരുപാദങ്ങളിലുമായി 2-1ന് മറികടന്നു. രണ്ടാംപാദത്തിൽ റൗൾ ജിമെനസിന്റെ പെനാൽട്ടി ഗോളിലാണ് ടീം ജയിച്ചത് (1-0). ആദ്യപാദം 1-1ന് സമനിലയായിരുന്നു.

സ്പാനിഷ് ക്ലബ്ബ് സെവിയ ഇറ്റാലിയൻ ടീം റോമയുടെ വെല്ലുവിളി അവസാനിപ്പിച്ചു. ആദ്യപാദം നടക്കാതിരുന്നതോടെ നിർണായകമായ രണ്ടാപാദത്തിൽ 2-0ത്തിനായിരുന്നു ജയം. സെർജി റെഗുയ്‌ലോൺ, യുസഫ് നെസ്‌റി എന്നിവർ ഗോൾ നേടി. ജർമൻ ക്ലബ്ബ് ലേവർക്യൂസൻ രണ്ടാംപാദത്തിൽ സ്‌കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്‌സിനെ തോൽപ്പിച്ചു (1-0). മൗസ ഡിയാബി വിജയഗോൾ നേടി. ആദ്യപാദത്തിൽ ലേവർക്യൂസൻ 3-1ന് ജയിച്ചിരുന്നു. ബാസൽ ഇരുപാദങ്ങളിലുമായി ഫ്രാങ്ക്ഫർട്ട് എൻട്രാക്ടിനെ തോൽപ്പിച്ചു (4-0).

ക്വാർട്ടർ ലൈനപ്പ്

ഓഗസ്റ്റ് 10

ഷാക്തർ ഡൊണെറ്റ്‌സ്‌ക്- ബാസൽ

മാഞ്ചെസ്റ്റർ യുണൈറ്റഡ്- കോപ്പൻഹേഗൻ

ഓഗസ്റ്റ് 11

ഇന്റർമിലാൻ- ബയേർ ലേവർക്യൂസൻ

വോൾവ്‌സ്- സെവിയ