മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ നിറഞ്ഞ് ആഫ്രിക്കൻ സൂപ്പർ താരം യായ ടുറെ. ബാഴ്‌സലോണ, മാഞ്ചെസ്റ്റർ സിറ്റി ക്ലബ്ബുകളുടെ സൂപ്പർ താരമായിരുന്ന ഡിഫൻസീവ് മിഡ്ഫീൽഡറെ സ്വന്തമാക്കാൻ ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി, എഫ്.സി. ഗോവ ക്ലബ്ബുകളാണ് ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ ചൈനീസ് ക്ലബ്ബ് ക്വിങ്ഡാവോ ഹുവാങ്ഹായ് ക്ലബ്ബിനാണ് കളിച്ചത്.

37-കാരനായ താരത്തിന്റെ വാർഷിക പ്രതിഫലം 11.25 കോടിയോളം രൂപയാണ്. മാഞ്ചെസ്റ്റർ സിറ്റിയിൽ കളിച്ചിരുന്ന കാലത്ത് രണ്ടു കോടിയാണ് ആഴ്ചയിൽ പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിഫലം മൂന്നിലൊന്നായി കുറയ്ക്കാൻ താരം തയ്യാറായതാണ് ഇന്ത്യൻ ക്ലബ്ബുകൾക്ക് ആവേശം പകരുന്നത്. 3.75 കോടി നൽകിയാൽ ഐവറികോസ്റ്റ് താരത്തെ ടീമിലെത്തിക്കാം. ബെംഗളൂരു, എഫ്.സി. ഗോവ ക്ലബ്ബുകളാണ് സജീവമായി രംഗത്തുള്ളത്.

ഐവറി കോസ്റ്റിനായി 101 മത്സരം കളിച്ച ടുറെ സിറ്റിക്കായി 316 മത്സരവും ബാഴ്‌സയ്ക്കായി 118 മത്സരവും കളിച്ചു. വർത്തമാനകാല ഫുട്‌ബോളിലെ മികച്ച ബോക്‌സ് ടു ബോക്സ് മിഡ്ഫീൽഡറാണ്.