മ്യൂണിക്: ക്വാർട്ടർ ഫൈനൽ പ്രതീക്ഷയോടെ കരുത്തരായ ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ പന്തുതട്ടാനിറങ്ങും. പ്രീക്വാർട്ടർ രണ്ടാംപാദത്തിൽ ബാഴ്‌സയ്ക്ക് നാപ്പോളിയും ബയേണിന് ചെൽസിയുമാണ് എതിരാളികൾ. ശനിയാഴ്ച രാത്രി 12.30-നാണ് മത്സരങ്ങൾ.

സമനില തെറ്റിക്കാൻ ബാഴ്‌സ

സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസം ബാഴ്‌സയ്ക്കുണ്ട്, ഒപ്പം എവേ ഗോളിന്റെ ആനുകൂല്യവും. ഇറ്റാലിയൻ സീരി എ-യിൽ പുറകോട്ടുപോയെങ്കിലും ചാമ്പ്യൻസ് ലീഗിൽ നാപ്പോളിയുടെ പ്രകടനം മോശമല്ല. ആദ്യപാദത്തിൽ 1-1നാണ് ഇരുടീമുകളും സമനില പാലിച്ചത്.

ആദ്യപാദത്തിൽ കളിക്കാതിരുന്ന ലൂയി സുവാരസിന്റെ തിരിച്ചുവരവാണ് ബാഴ്‌സയ്ക്ക് ആശ്വാസം പകരുന്ന ഘടകം. പരിക്കുമാറിയ ഫ്രാങ്ക് ഡി യോങ്ങും ടീമിലെത്തും. സസ്‌പെൻ മൂലം അർട്ടൂറോ വിദാൽ, സെർജിയോ ബുസ്‌കെറ്റ്‌സ് എന്നിവരും പരിക്കേറ്റ സെൻട്രൽ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയും കളിക്കാനുണ്ടാകില്ല. തകർപ്പൻ ഫോമിലുള്ള നായകൻ ലയണൽ മെസ്സി മുന്നിൽനിന്ന് നയിച്ചാൽ ടീമിന് മുന്നേറ്റം എളുപ്പമാകും.

സെൻട്രൽ ഡിഫൻഡർ കാലിദു കൗലിബലി പരിക്ക് മാറിയെത്തുന്നത് നാപ്പോളിക്ക് ഗുണകരമാകും. മുന്നേറ്റത്തിൽ ലോറെൻസോ ഇൻസൈൻ, ഡ്രിസ് മെർട്ടൻസ് എന്നിവരുടെ ഫോം നിർണായകമാകും.

സമ്മർദമില്ലാതെ ബയേൺ

ബുണ്ടസ് ലിഗയിലെ മിന്നുന്ന പ്രകടനവും ആദ്യപാദത്തിലെ തകർപ്പൻ ജയവും ബയേൺ മ്യൂണിക്കിന് സമ്മർദമില്ലാതെ കളിക്കാൻ കഴിയുന്ന ഘടകങ്ങളാണ്. ചെൽസിയുടെ തട്ടകത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജർമൻ ടീം ജയിച്ചത്.

പൊരുതാൻ ഉറപ്പിച്ചാണ് ഫ്രാങ്ക് ലാംപാർഡിന്റെ യുവനിര എത്തുന്നത്. ചെൽസി യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകും. പരിക്കും സസ്‌പെൻഷനും ടീമിനെ നന്നായി അലട്ടുന്നുണ്ട്.

ബയേൺ നിരയിൽ പ്രതിരോധനിരതാരം ബെഞ്ചമിൻ പാവാർഡ് പരിക്കുമൂലമുണ്ടാകില്ല. റോബർട്ടോ ലെവൻഡോവ്‌സ്‌കി-സെർജി നാബ്രി-തോമസ് മുള്ളർ ത്രയം കളിക്കുന്ന മുന്നേറ്റമാണ് ടീമിന്റെ ശക്തി.

ചെൽസി നിരയിൽ പരിക്കുമൂലം ക്രിസ്റ്റ്യൻ പുലിസിച്ച്, സെസാർ അസ്പിലിക്യൂട്ട, പെഡ്രോ എന്നിവരുണ്ടാകില്ല, ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ എൻഗോളെ കാന്റെ, വില്യൻ എന്നിവരും പുറത്തിരിക്കും. സസ്‌പെൻഷൻമൂലം ജോർജീന്യോ, മാർക്കോസ് അലോൺസോ എന്നിവരുടെ സേവനവും ടീമിന് ലഭിക്കില്ല. ഇതോടെ യുവനിരയാകും ചെൽസിക്കായി കളിക്കുന്നത്.

സ്റ്റാറ്റ്‌സ്

സ്വന്തം മണ്ണിൽ അവസാനം കളിച്ച 35 ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ബാഴ്‌സ തോൽവിയറിഞ്ഞിട്ടില്ല