മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർഫൈനലിന്റെ ആദ്യപാദത്തിൽ കരുത്തുകാട്ടി സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയും. റയൽ സ്വന്തം ഗ്രൗണ്ടിൽ ലിവർപൂളിനെയും (3-1) സിറ്റി ബൊറൂസ്സിയ ഡോർട്മുൺഡിനെയും കീഴടക്കി (2-1). രണ്ടാംപാദമത്സരങ്ങൾ ഏപ്രിൽ 15-ന് നടക്കും.

റിയൽ റയൽ

നായകൻ സെർജിയോ റാമോസ്, പ്രതിരോധത്തിലെ കരുത്തൻ റാഫേൽ വരാൻ എന്നിവരില്ലാതെ കളിച്ചിട്ടും ലിവർപൂളിനെ കീഴടക്കാൻ സ്പാനിഷ് ക്ലബ്ബിനായി. ബ്രസീൽ വിങ്ങർ വിനീഷ്യസ് ഇരട്ടഗോൾ (27, 65) നേടി. മാർക്കോ അസെൻസിയോയും (36) സ്‌കോർ ചെയ്തു. ലിവർപൂളിനായി മുഹമ്മദ് സല (51) ഗോൾ നേടി.

ജയം റയലിന്റെ സെമിഫൈനൽ സാധ്യത വർധിപ്പിച്ചപ്പോൾ എവേ ഗോളിന്റെ ആശ്വാസത്തിലാണ് ലിവർപൂൾ. പ്രമുഖതാരങ്ങളുടെ അഭാവത്തിൽ എഡർ മിലിറ്റാവോ, നാച്ചോ എന്നിവരെയാണ് പരിശീലകൻ സിനദിൻ സിദാൻ റയൽ സെൻട്രൽ ഡിഫൻസിൽ ഇറങ്ങിയത്. മുന്നേറ്റത്തിൽ കരീം ബെൻസമയ്ക്കൊപ്പം വിനീഷ്യസും അസെൻസിയോയും കളിച്ചു. മുഹമ്മദ് സല, സാദിയോ മാനേ എന്നിവർക്കൊപ്പം ലിവർപൂൾ മുന്നേറ്റത്തിൽ ഡീഗോ ജോട്ട കളിച്ചു. പന്ത് കൈവശം വെക്കുന്നതിൽ ലിവർപൂൾ മികച്ചുനിന്നെങ്കിലും കൂടുതൽ ആക്രമണം നടത്തിയത് റയലായിരുന്നു. ഫിനിഷിങ്ങിൽ വിനീഷ്യസിന്റെ മികവ് റയലിന് വിജയം സമ്മാനിച്ചു.

ജയം തുടർന്ന് സിറ്റി

അവസാന മിനിറ്റിൽ ഫിൽ ഫോഡൻ നേടിയ ഗോളിലാണ് മാഞ്ചെസ്റ്റർ സിറ്റി ജയമുറപ്പിച്ചത്. നേരത്തേ കെവിൻ ഡിബ്രുയ്‌ന്റെ (19) ഗോളിൽ സിറ്റി മുന്നിൽക്കടന്നെങ്കിലും മാർക്കോ റൂസിന്റെ (84) ഗോളിലൂടെ ബൊറൂസ്സിയ ഡോർട്മുൺഡ് ഒപ്പംപിടിച്ചിരുന്നു. സ്വന്തം ഗ്രൗണ്ടിൽ ജയിക്കാൻ കഴിഞ്ഞത് സിറ്റിക്ക് ആശ്വാസം പകരുന്നു. എന്നാൽ, എവേ ഗോളിൽ ഡോർട്മുൺഡ് പ്രതീക്ഷയർപ്പിക്കുന്നു. പതിവുപോലെ പൊസിഷൻ ഫുട്‌ബോൾ കളിച്ച സിറ്റി പന്ത് കൈവശംവെക്കുന്നതിൽ മികച്ചുനിന്നു. കൂടുതൽ ഷോട്ടുകളുതിർക്കാനും അവർക്കായി. പ്രത്യാക്രമണങ്ങളിലായിരുന്നു ജർമൻ ടീമിന്റെ ശ്രദ്ധ.