സൂറിച്ച്: ഗുരുതരമായ ചട്ടലംഘനങ്ങളെ തുടർന്ന് പാകിസ്താൻ ഫുട്‌ബോൾ ഫെഡറേഷനെ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫ സസ്പെൻഡുചെയ്തു. പാക് ഫുട്‌ബോളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫിഫ നിയോഗിച്ച കമ്മിറ്റിയെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് അടിയന്തരനടപടിക്കു കാരണം.

മൂന്നാം കക്ഷിയുടെ ഇടപെടൽ പാക് ഫുട്‌ബോളിലുണ്ടെന്ന് ഫിഫ വ്യക്തമാക്കി. ഫിഫ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് ഹാറൂൺ മാലിക്കിനെ മാറ്റി പകരം സയ്യിദ് അഷ്ഫഖ് ഹുസൈനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ലാഹോറിലെ പാക് ഫുട്‌ബോൾ ആസ്ഥാനം ഒരു സംഘം ഏറ്റെടുത്തിരുന്നു. ഇതിനെതിരേ ഫിഫ പാക് ഫുട്‌ബോൾ ഫെഡറേഷന് നോട്ടീസ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണ് ഫെഡറേഷനെ സസ്‌പെൻഡുചെയ്യാൻ ഫിഫ കൗൺസിൽ തീരുമാനിച്ചത്. ഫിഫ നിയോഗിച്ച കമ്മിറ്റിക്ക് ഭരണപരമായ അധികാരം തിരിച്ചുനൽകിയാലേ അച്ചടക്കനടപടി പിൻവലിക്കൂവെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

2017 ഒക്‌ടോബറിൽ പാക് ഫുട്‌ബോൾ ഫെഡറേഷനെ ഫിഫ സസ്പെൻഡുചെയ്തിരുന്നു. ഫുട്‌ബോൾ ഫെഡറേഷന്റെ ചുമതല കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റർ ഏറ്റെടുത്തതിനെ തുടർന്നാണിത്. ആറുമാസത്തിനുശേഷം ആ നടപടി പിൻവലിച്ചു. പാക് ഫുട്‌ബോളിലെ പ്രശ്നങ്ങളെ തുടർന്നാണ് 2019-ൽ ഫിഫ പ്രശ്നപരിഹാരത്തിനായി കമ്മിറ്റിയെ നിയോഗിച്ചത്.