ദോഹ: അടുത്തവർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായി പണിത കെട്ടിടങ്ങൾ ആരുമില്ലാത്തവരുടെ അഭയകേന്ദ്രമായി. താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്താനിൽനിന്ന് പലായനംചെയ്ത നൂറുകണക്കിന് ആളുകൾ ഇപ്പോൾ താമസിക്കുന്നത് ഖത്തറിൽ ഫിഫ ലോകകപ്പിനായി ഒരുക്കിയ കെട്ടിടങ്ങളിലാണ്. അറുനൂറോളം പേരെ ഖത്തറിലെ സ്പോർട്‌സ് കോംപ്ലക്സിൽ പാർപ്പിച്ചിരിക്കുന്നു. ഇതിൽ മാധ്യമപ്രവർത്തകരുമുണ്ട്. ഇവിടെ 1500-ഓളം പേർക്ക് താമസിക്കാൻ സൗകര്യമുണ്ട്.

അഫ്ഗാനിലെ ഭരണമാറ്റത്തിന്റെ സമയത്ത് കാബൂളിൽനിന്ന് പുറപ്പട്ട വിമാനങ്ങളിലേറെയും ദോഹ വഴിയാണ് എത്തിയത്. ആത്മരക്ഷാർഥം നാടുവിട്ട് വിമാനത്തിൽ കയറിപ്പറ്റിയവർ ദോഹയിൽ ഇറങ്ങി. ഇങ്ങനെ വലിയ സംഘം ഇവിടെ ഒറ്റപ്പെട്ടതോടെ, ഖത്തർ ഭരണകൂടവും ഫുട്‌ബോൾ സംഘടനയും ആലോചിച്ച് ലോകകപ്പിനായി തയ്യാറാക്കിയ കെട്ടിടങ്ങളിൽ അഭയംനൽകുകയായിരുന്നു.