ലണ്ടൻ: റയൽ മഡ്രിഡിന്റെ തിരിച്ചുവരവുസ്വപ്നങ്ങൾക്കുമേൽ ഇരട്ടപ്രഹരമേൽപ്പിച്ച് ചെൽസി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നു. രണ്ടാംപാദത്തിൽ 2-0ത്തിന് ജയിച്ചതോടെയാണ് കിരീടപ്പോരാട്ടത്തിന് അർഹതനേടിയത്. ഇതോടെ ഇംഗ്ലീഷ് ടീമുകളുടെ ഫൈനലായി. മേയ് 29-ന് നടക്കുന്ന കലാശക്കളിയിൽ ചെൽസി മാഞ്ചെസ്റ്റർ സിറ്റിയെ നേരിടും.

റയൽ മഡ്രിഡിനെതിരേ ചെൽസിക്കുവേണ്ടി തിമോ വെർണർ (28), മാസൺ മൗണ്ട് (85) എന്നിവർ സ്കോർ ചെയ്തു. ആദ്യപാദത്തിൽ റയലിന്റെ ഗ്രൗണ്ടിൽ ഇരുടീമുകളും 1-1 ന് സമനില പാലിച്ചിരുന്നു. രണ്ടാംപാദത്തിലെ മിന്നുന്ന ജയംകൂടിയായപ്പോൾ ചെൽസിക്ക് ഇരുപാദങ്ങളിലുമായി 3-1ന്റെ മുൻതൂക്കം ലഭിച്ചു.

ഗോളടിച്ചത് വെർണറും മൗണ്ടുമാണെങ്കിലും ചെൽസിയുടെ വിജയത്തിലെ ഹീറോ മധ്യനിരതാരം എൻഗോളെ കാന്റെയായിരുന്നു. ആദ്യപാദത്തിൽ നിർത്തിയേടത്ത് തുടങ്ങിയ കാന്റെ ചെൽസി മധ്യനിരയെ ചലിപ്പിച്ചു. പ്രതിരോധത്തിലും തിളങ്ങിയതോടെ റയലിന് മറുപടിയില്ലാതെപോയി. ചെൽസി ഗോൾകീപ്പർ എഡ്വാർഡോ മെൻഡിയും മികച്ച പ്രകടനം പുറത്തെടുത്തു.

സ്റ്റാറ്റ്‌സ്

മൂന്നാംതവണയാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ കടക്കുന്നത്. 2012-ൽ ചാമ്പ്യൻമാരായി. 2008-ൽ റണ്ണറപ്പായി.

ചെൽസിയെ ഫൈനലിലേക്ക് നയിച്ചതോടെ പരിശീലകൻ തോമസ് ടുച്ചലിനും നേട്ടം. തുടർച്ചയായ രണ്ട് സീസണുകളിൽ വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിച്ച ആദ്യ പരിശീലകനായി. കഴിഞ്ഞ സീസണിൽ പി.എസ്.ജി.യെ ഫൈനലിലെത്തിച്ചു.

എല്ലാ ടൂർണമെന്റുകളിലുമായി ടുച്ചലിനുകീഴിൽ കളിച്ച 24 മത്സരങ്ങളിൽ 18-ലും ചെൽസി ഗോൾ വഴങ്ങിയില്ല.

--------------------

ഇംഗ്ലീഷ് യുദ്ധം

മൂന്നാംതവണയാണ് ഇംഗ്ലീഷ് ടീമുകൾ ഫൈനലിൽ നേർക്കുനേർ വരുന്നത്. 2007-08-ൽ മാഞ്ചെസ്റ്റർ യുണൈറ്റഡും ചെൽസിയും ഫൈനൽ കളിച്ചപ്പോൾ ജയം യുണൈറ്റഡിനൊപ്പം നിന്നു.

2018-19-ൽ ലിവർപൂളും ടോട്ടനവും തമ്മിലായിരുന്നു ഫൈനൽ. ജയം ലിവർപൂളിനൊപ്പവും. ഇത്തവണ ചെൽസിയും സിറ്റിയും.

ചെൽസി വനിതകളും ഫൈനലിൽ

ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് ഇരട്ട ഫൈനലാണ്. നേരത്തെ വനിതാ ടീമും കിരീടപ്പോരാട്ടത്തിന് യോഗ്യതനേടിയിരുന്നു. മേയ് 16-ന് ബാഴ്‌സലോണക്കെതിരേയാണ് വനിതാ ഫൈനൽ.

ആദ്യമായാണ് ചെൽസി വനിതകൾ ഫൈനൽ കളിക്കുന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി ഒരു ക്ലബ്ബിന്റെ പുരുഷ-വനിത ടീമുകൾ ഒരേ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുകയെന്ന അപൂർവനേട്ടം സ്വന്തമായി.

സെമിഫൈനലിൽ ബയേൺ മ്യൂണിക്കിനെ ഇരുപാദങ്ങളിലുമായി 5-3 ന് തോൽപ്പിച്ചാണ് ചെൽസി മുന്നേറിയത്. രണ്ടാംപാദത്തിൽ ചെൽസി 4-1 ന് ജയിച്ചു. ആദ്യപാദത്തിൽ ബയേൺ 2-1 ന് ജയിച്ചിരുന്നു.