ന്യൂഡൽഹി: ഏറെ സുരക്ഷാ മുൻകരുതൽ എടുത്തിട്ടും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് ബാധിച്ചതെങ്ങനെയെന്ന് പറയാനാകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി.

ഓരോ കളിക്കാരെയും സമ്പർക്കവിലക്കിലാക്കുന്ന ബയോ സെക്യുർ ബബിളിനകത്താക്കിയാണ് ഐ.പി.എൽ. ടൂർണമെന്റ് തുടങ്ങിയത്. കഴിഞ്ഞവർഷം യു.എ.ഇ.യിൽ ഇതുപോലെ ടൂർണമെന്റ് നടത്തി. മത്സരത്തിനിടെ ആർക്കും രോഗബാധയുണ്ടായില്ല. എന്നാൽ, ഇക്കുറി പല ടീമുകളിലെയും കളിക്കാരെ കോവിഡ് ബാധിച്ചതോടെ ഐ.പി.എൽ. നിർത്തേണ്ടിവന്നു. ‘‘ജൈവസുരക്ഷാവലയം ഭേദിക്കപ്പെട്ടില്ലെന്നാണ് കിട്ടിയ വിവരം. എന്നിട്ടും വിവിധ ടീമംഗങ്ങൾക്ക് ഒരേസമയം രോഗം വന്നതെങ്ങനെയെന്ന് പറയാനാകില്ല. ഇന്ത്യയിൽ ഇത്രയേറെ കേസുകൾ ഒന്നിച്ചുവന്നതെങ്ങനെ എന്ന ചോദ്യംപോലെയാണത്’’ -ഗാംഗുലി പറഞ്ഞു.

കോവിഡ് രോഗം ഏറക്കുറെ നിയന്ത്രണവിധേയമായതുകൊണ്ടാണ് ഇക്കുറി മത്സരം ഇന്ത്യയിൽത്തന്നെ നടത്താൻ തീരുമാനിച്ചതെന്നും ഗാംഗുലി പറഞ്ഞു.