കൊച്ചി: യുറുഗ്വായിക്കാരൻ അഡ്രിയാൻ ലൂണയുടെ അതിസുന്ദരമായ പാസിൽ കോഴിക്കോട്ടുകാരൻ പ്രശാന്തിന്റെ തകർപ്പൻ ഗോൾ. ഐ.എസ്.എലിൽ ഒഡിഷ എഫ്.സി.ക്കെതിരായ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആരാധകരുടെ മനസ്സിൽ നിറങ്ങളേറ്റിയിരിക്കുകയാണ്. ഒഡിഷക്കെതിരേ വിജയം ഉറപ്പാക്കിയ ഗോൾ നേടിയ കെ. പ്രശാന്തിന്‌ ഇതു ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ അമ്പതാംമത്സരമായിരുന്നു. ഒഡിഷയ്ക്കെതിരായ മത്സരത്തിനുശേഷം പ്രശാന്ത് ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു.

അമ്പതാംമത്സരം ഓർത്തില്ല

ഒഡിഷയ്ക്കെതിരേ പകരക്കാരനായി ഇറങ്ങുമ്പോൾ അത്‌ എന്റെ അമ്പതാംമത്സരമാണെന്ന്‌ അറിഞ്ഞിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി 40-ലേറെ മത്സരങ്ങളായിട്ടുണ്ടെന്ന്‌ അറിയാമായിരുന്നെങ്കിലും ഇതാണ് കൃത്യം അമ്പതാംമത്സരമെന്ന് മനസ്സിലായത് കളി കഴിഞ്ഞു ഫോണിൽ നോക്കിയപ്പോഴാണ്. പകരക്കാരനായി ഇറക്കുമ്പോൾ കോച്ച് വുകോമാനോവിച്ച് എന്നോടു പറഞ്ഞത് ഡിഫൻസ് ചെയ്ത് കളിച്ച് ഹർമൻജ്യോത് ഖാബ്രയെ സഹായിക്കണമെന്നാണ്.

ലൂണ വേറെ ലെവലാണ്

അഡ്രിയാൻ ലൂണ വേറെ ലെവലാണ്. ലൂണയ്ക്കു പന്തുകിട്ടിയാൽ എല്ലാ വിങ്ങർക്കുമറിയാം ഡിഫൻഡറുടെ പിറകിൽ ഓടിയാൽ കൃത്യമായി ത്രൂബോൾ കാലിൽകിട്ടുമെന്ന്. നേരത്തേ ലൂണയെ പരിചയപ്പെട്ടപ്പോൾത്തന്നെ ഞാൻ കുറെ കാര്യം അദ്ദേഹത്തോടു പറഞ്ഞിരുന്നു. ‘ഞാൻ ബ്ലാസ്റ്റേഴ്‌സിൽ വന്നിട്ടു കുറെയായി ബ്രോ, എനിക്കു ഗോളടിക്കാൻ പറ്റുന്നില്ല’ എന്നൊക്കെ പറഞ്ഞു. അപ്പോഴൊക്കെ എന്നെ പ്രോത്സാഹിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചത്. എനിക്കു പന്തുകിട്ടിയാൽ നിനക്കു ത്രൂപാസ് തരാമെന്നു ലൂണ പറയുമായിരുന്നു. ഗോളടിച്ചശേഷം ഞാൻ ലൂണയോട് നന്ദിപറഞ്ഞു.

അന്നും ഇന്നും വാസ്‌ക്വസ്

ഗോവയിൽ നേരത്തേ ഒഡിഷ എഫ്.സി.ക്കെതിരേ പ്രീ സീസൺ മത്സരം കളിച്ചപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് രണ്ടുഗോളടിച്ചാണ് ജയിച്ചത്. അന്നും ഇതുപോലെ ഞാനും അൽവാരോ വാസ്‌ക്വസുമാണ് ടീമിനായി ഗോൾ നേടിയത്. അന്ന്‌ എന്റെ ഗോളിനു വാസ്‌ക്വസ് അസിസ്റ്റ് ചെയ്തപ്പോൾ വാസ്‌ക്വസിന്റെ ഗോളിനു ഞാനാണ് അസിസ്റ്റ് ചെയ്തത്.

ലെസ്‌കോ-സിപോ കോംപോ

ലെസ്‌കോവിച്ചും സിപോവിച്ചും ഒരു കോംപോയാണ്. ഭക്ഷണം കഴിക്കാൻ വന്നിരിക്കുമ്പോഴും ട്രെയിനിങ്ങിനു പോകാൻ ബസിലെ സീറ്റിൽവന്നിരിക്കുമ്പോഴും ഒക്കെ അവർ ഒരുമിച്ചായിരിക്കും. സിപോവിച്ച് ആളൊരു രസികനാണ്. ഹോളിവുഡ് സിനിമയിലൊക്കെ കാണുന്നതുപോലെയൊരു ഫിഗറാണ് അദ്ദേഹം. എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ആളാണ് സിപോ. ഒഡിഷയ്ക്കെതിരേ ഗോളടിച്ചപ്പോൾ എന്നോടു സിപോ പറഞ്ഞത്, ‘‘യു ആർ ദി മാൻ...ഇത്രയേ വേണ്ടൂ, ഇതാണ് ഗോളടിക്കാനുള്ള കളി’’ എന്നാണ്.

എനിക്കു ഗോളടിക്കണം

ടീമിനുവേണ്ടി ഗോളടിക്കുന്നതും ഗോളിന്‌ അസിസ്റ്റ് ചെയ്തു കൊടുക്കുന്നതുമാണ് ഒരുകളിക്കാരന്റെ വിജയം. ഞാൻ ഇതുവരെ കളിച്ചത് അങ്ങനെയായിരുന്നില്ല. ഗ്രൗണ്ടിൽ കുറെ വേഗത്തിൽ ഓടിക്കളിച്ചതു കൊണ്ടുമാത്രം കാര്യമില്ല. ഇപ്പോൾ ബോക്സിൽ ഗോളിനു പാകത്തിൽ എത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്. പണ്ടു വിങ്ങിൽ കുറെ ഓടലായിരുന്നു എന്റെ പതിവ്. വുകോമാനോവിച്ചിനു കീഴിൽ പുതിയ പാഠങ്ങളാണ് ഞാൻ പഠിച്ചത്.